തിരുവനന്തപുരം
സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികൾ എല്ലാ പൂർത്തിയാക്കിയിട്ടും ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിനു നിസംഗത. മുണ്ടക്കൈ– ചൂരൽമല പുനരധിവാസത്തിനും പുനർനിർമാണത്തിനുമുള്ള വിശദവിവരങ്ങൾ ഉൾപ്പെടുന്ന പിഡിഎൻഎ റിപ്പോർട്ടും (പോസ്‌റ്റ് ഡിസാസ്‌റ്റർ നീഡ് അസസ്സ്‌മെന്റ്) അവസാനമായി സമർപ്പിച്ചു. എല്ലാ ആവശ്യങ്ങളും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടിൽ 2000 കോടിയിലേറെ രൂപ അനുവദിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.
ദുരന്തത്തിനു പിന്നാലെ വിവിധ സാങ്കേതിക സമിതികളുടെ പഠന റിപ്പോർട്ടുകളിലെ കണ്ടെത്തലുകളും പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി സെക്രട്ടറിതല സമിതി റിപ്പോർട്ടും ഉൾപ്പെടെയുള്ള വിവരങ്ങളാണ് പിഡിഎൻഎ റിപ്പോർട്ടിൽ. ദുരന്തബാധിതരെ സ്ഥലം കണ്ടെത്തി വീടുനിർമിച്ച് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഇതിൽ പ്രധാനം. റോഡ്, വൈദ്യുതി, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉപജീവനമാർഗങ്ങളും ഉൾപ്പെടെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതേക്കുറിച്ച് പഠിക്കാൻ ഇന്റർ മിനിസ്‌റ്റീരിയൽ സെൻട്രൽ ടീം (ഐഎംസിടി) എത്തി നഷ്ടത്തിന്റെ പ്രാഥമിക കണക്കെടുക്കുകയും വിശദമായ മെമ്മോറാണ്ടം കേന്ദ്രത്തിന് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. അതനുസരിച്ച് ആഗസ്‌ത് ഒമ്പതിന് മെമ്മോറാണ്ടത്തിന്റെ കരട് അവതരിപ്പിക്കുകയും 17ന് വിശദമായ നിവേദനം സമർപ്പിക്കുകയും ചെയ്‌തു.
കേന്ദ്രത്തിൽനിന്നുള്ള അനുകൂല നടപടി വൈകിയതോടെ മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ സന്ദർശിച്ച് ആവശ്യമായ സഹായം വീണ്ടും അഭ്യർഥിച്ചു. ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കെ വി തോമസ് കേന്ദ്ര ധനകാര്യമന്ത്രിയെകണ്ട് നിവേദനം വീണ്ടും സമർപ്പിച്ചു. ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ചയും നടത്തി. ഇതിനെല്ലാം ശേഷമാണ് പുനരധിവാസത്തിനായി സംസ്ഥാന ദുരന്തനിവാരണനിധിയിലെ (എസ്‌ഡിആർഎഫ്) തുക ഉപയോഗിക്കണമെന്ന് നിർദേശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കേരളത്തിന് കത്തുനൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..