കൽപ്പറ്റ
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് മൂന്നു ഗ്രാമങ്ങളാകെ ഇല്ലാതായ ഉരുൾപൊട്ടലിന്റെ വേദനയിൽനിന്ന് വയനാട് കരകയറുന്നതേയുള്ളൂ. അതിന്റെ മുറിവുണങ്ങും മുമ്പാണ് തെരഞ്ഞെടുപ്പ് എത്തിയത്. അതിനാൽ പതിവ് ആരവങ്ങളില്ല. 10 ദിവസംകഴിഞ്ഞ് ബൂത്തിലേക്ക് പോകുന്നവരുടെ ചോദ്യം ഇതാണ് ‘എന്തിനാണ് ഇവിടെ ഈ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചത്?’.
ഏപ്രിൽ 26ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധി വോട്ടെടുപ്പ് കഴിഞ്ഞയുടൻ ഉത്തർപ്രദേശിലെ റായ്‌ബറേലിയിലും പത്രിക നൽകി. റായ്‌ബറേലിയിലും മത്സരിക്കുമെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നെങ്കിലും കോൺഗ്രസും രാഹുലും ഇത് നിഷേധിച്ചിരുന്നു. എന്നാൽ ജൂൺ നാലിന് ഫലം വന്നപ്പോൾ രാഹുൽ വയനാടിനെ കൈയൊഴിയുന്നതാണ് കണ്ടത്.
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മലയോരമേഖല ഉൾപ്പെടുന്നതാണ് ലോക്‌സഭാ മണ്ഡലം. വന്യമൃഗ ആക്രമണം പതിവുവാർത്ത. ദേശീയപാതയിലെ രാത്രിയാത്ര നിരോധനം, സ്വപ്‌നം മാത്രമായ റെയിൽവേ, കേന്ദ്രനയത്തിന്റെ കെടുതികളിൽപെട്ടുഴലുന്ന കർഷകർ, ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 95 ദിവസം പിന്നിട്ടെങ്കിലും കേന്ദ്രസഹായം കിട്ടാത്തത് തുടങ്ങി പ്രശ്‌നങ്ങളേറെ. ഇതിനെല്ലാം ശബ്ദിക്കേണ്ട എംപി എവിടെയെന്ന എൽഡിഎഫിന്റെ ചോദ്യത്തിന് വ്യാപ്‌തിയേറെയാണ്. വൻ സുരക്ഷയിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണയെത്തുന്ന എംപി എന്ന വിമർശനത്തിന് മറുപടി പറയാൻ കോൺഗ്രസ് വിയർക്കുന്നു.
1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ച കോൺഗ്രസിലെ എം ഐ ഷാനവാസ് 2014ൽ രണ്ടാംവട്ടം മത്സരിച്ചപ്പോൾ ഭൂരിപക്ഷം 20,817ൽ പിടിച്ചുകെട്ടിയ സത്യൻ മൊകേരിയാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി. മുസ്ലിംലീഗ് കണ്ണുവച്ച മണ്ഡലമായിരുന്നു വയനാട്. അത് തടയാനാണ് 2019ൽ കോൺഗ്രസ് രാഹുൽ ഗാന്ധിയെ കൊണ്ടുവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും രാഹുൽ ഇല്ലെങ്കിൽ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. രാഹുൽ സീറ്റ് ഉപേക്ഷിച്ചെങ്കിലും പ്രിയങ്ക ഗാന്ധി വധ്രയെ സ്ഥാനാർഥിയാക്കി ലീഗിനെ കോൺഗ്രസ് വീണ്ടും നിശബ്ദമാക്കി. കോഴിക്കോട് കോർപറേഷൻ കൗൺസിലർ നവ്യ ഹരിദാസാണ് എൻഡിഎ സ്ഥാനാർഥി. ആകെ 16 സ്ഥാനാർഥികളുണ്ട്.
ഏഴു നിയമസഭാ മണ്ഡലങ്ങളിൽ 2021ൽ മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ എൽഡിഎഫാണ് വിജയിച്ചത്. കൽപ്പറ്റ, ബത്തേരി, ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിൽ യുഡിഎഫും. ആകെ വോട്ടർമാർ: 14,71,742
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..