22 December Sunday

ആത്മാഭിമാനം അടിയറവച്ച് ലീഗ് ; പച്ചക്കൊടി വിവാദം വീണ്ടും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


കൽപ്പറ്റ
പച്ചക്കൊടിയോടുള്ള കോൺഗ്രസിന്റെ അലർജിയിൽ മുസ്ലിംലീഗിൽ അമർഷം. സംഘപരിവാർ പ്രചാരണത്തെ പേടിച്ച്‌ പണയം വയ്‌ക്കാനുള്ളതല്ല മുസ്ലിംലീഗ്‌ 1948 മുതൽ ഉപയോഗിക്കുന്ന പച്ചക്കൊടി എന്ന വികാരമാണ്‌ പ്രവർത്തകരിൽ. കഴിഞ്ഞദിവസം തരുവണയിലെ സ്വീകരണവേദിയിൽ പച്ചക്കൊടി കണ്ടതിനെ തുടർന്ന്‌ പ്രിയങ്ക ഗാന്ധി പ്രസംഗിക്കാതെ മടങ്ങിയിരുന്നു. പ്രിയങ്ക മടങ്ങിയതോടെ, ലീഗ്‌ പ്രവർത്തകർ ടി സിദ്ദിഖ്‌ എംഎൽഎയോട്‌ കയർത്തു. അതോടെ കോൺഗ്രസ്‌–- ലീഗ്‌ പ്രവർത്തകരുടെ കൈയാങ്കളിയിലേക്കെത്തി.

തിങ്കളാഴ്‌ചയും ഇതിന്റെ അലയൊലിയുണ്ടായി. പച്ചക്കൊടി വേണ്ടെന്ന്‌ കഴിഞ്ഞതവണത്തെ പോലെതന്നെ കോൺഗ്രസ്‌ നേതൃത്വം മുസ്ലിംലീഗിന്‌ നിർദേശം നൽകിയിരുന്നു. ഇത്‌ ലംഘിച്ചാണ്‌ ആത്മാഭിമാനമുള്ള ലീഗ്‌ പ്രവർത്തകർ കൊടിയെടുത്തത്‌.

പച്ച ബലൂൺ വീർപ്പിച്ചെടുത്തായിരുന്നു മുസ്ലിംലീഗുകാർ പ്രചാരണത്തിനിറങ്ങിയത്‌. 2019ൽ ആദ്യമായി രാഹുൽ ഗാന്ധി വന്ന തെരഞ്ഞെടുപ്പിലാണ്‌ ലീഗ്‌ കൊടിക്ക്‌ വിലക്കുണ്ടായത്‌. കാലങ്ങളായി യുഡിഎഫിൽ തുടരുന്ന പാർടിയായിട്ടും സ്വന്തം കൊടിയോട്‌ അഖിലേന്ത്യാ നേതാക്കൾക്കുള്ള അലർജി അന്ന്‌ നേതാക്കളെയുൾപ്പെടെ പ്രയാസത്തിലാക്കി. കൊടിയെടുത്തവർക്കെല്ലാം അടിയും കിട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു. ഈ തെരഞ്ഞെടുപ്പിലും ചിത്രം വ്യത്യസ്‌തമായില്ല. അപൂർവമായി കൊടിപിടിച്ചതിന്റെ വീഡിയോ ലീഗിന്റെ സമൂഹമാധ്യമവിഭാഗം പങ്കുവച്ചെങ്കിലും പ്രവർത്തകരുടെ രോഷം അടങ്ങിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top