കൽപ്പറ്റ> വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനിടെ യുഡിഎഫ് ജില്ലാ കൺവീനറുടെ രാജിയിലും ഡിസിസി നേതൃത്വത്തിനുനേരെയുള്ള കടന്നാക്രമണത്തിലും പകച്ച് കോൺഗ്രസ്. ഒന്നരക്കൊല്ലം മുമ്പ് യുഡിഎഫ് കൺവീനറായ കെ കെ വിശ്വനാഥൻ നേതൃത്വത്തെ ഞെട്ടിച്ചാണ് ചൊവ്വാഴ്‌ച കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചത്. ഇതോടെ പാർടിക്കുള്ളിൽ കലാപം രൂക്ഷമായി. ഡിസിസി പ്രസിഡിനെ എതിർക്കുന്നവർ ഒന്നിക്കുകയാണ്. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നതാണ് ഇവരുടെ ആവശ്യം. മാസങ്ങളായി കോൺഗ്രസിനുള്ളിലെ പുകച്ചിലാണ് കൺവീനറുടെ രാജിയിൽ കലാശിച്ചത്.
ബുധനാഴ്‌ച ജില്ലയിൽ യുഡിഎഫ് നേതൃയോഗം ചേരാനിരിക്കെയായിരുന്നു സ്ഥാനം ഒഴിഞ്ഞത്. ബുധനാഴചത്തെ യോഗത്തിൽ വിശ്വനാഥൻ പങ്കെടുത്തതുമില്ല. വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നൊരുക്കമായിട്ടായിരുന്നു യോഗം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവരടക്കമുള്ളവർ പങ്കെടുത്ത യോഗമാണ് ബഹിഷ്‌കരിച്ചത്. ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കളുടെ യോഗവും ചേർന്നു. ഇതിലും വിശ്വനാഥൻ പങ്കെടുത്തില്ല. രാജി യോഗം ചർച്ചചെയ്‌തു. ഡിസിസി പ്രസിഡന്റിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ചർച്ചയായി. കോൺഗ്രസിനെ നയിക്കുന്നത് ഉപജാപക സംഘമാണെന്നായിരുന്നു വിശ്വനാഥന്റെ ആക്ഷേപം. എന്നാൽ നേതാക്കൾ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.
രാജിയുടെ കാരണം രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ വിശ്വനാഥൻ ധരിപ്പിച്ചിട്ടുണ്ട്. കെ സി വേണുഗോപാലും കെ സുധാകരനുമായും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ലെന്നാണ് വിവരം. സംസ്ഥാന യുഡിഎഫ് ചെയർമാൻ വി ഡി സതീശൻ, കൺവീനർ എം എം ഹസൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവർക്ക് സ്‌പീഡ് പോസ്‌റ്റായാണ് രാജിക്കത്ത് അയച്ചിട്ടുള്ളത്. രാജിക്കത്ത് ലഭിച്ചശേഷം തീരുമാനം എടുക്കാമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
ഒന്നരക്കൊല്ലമായി യുഡിഎഫിന്റെ പരിപാടികൾക്ക് സാമ്പത്തിക സഹായം ഡിസിസി നൽകിയില്ലെന്ന പരാതിയും വിശ്വനാഥനുണ്ട്. സ്വന്തം നിലയിൽ പണം മുടക്കിയാണ് പരിപാടികൾ നടത്തിയത്. കോൺഗ്രസിലെ വലിയ വിഭാഗം ഡിസിസി പ്രസിഡന്റിന് എതിരാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർടിയെ ശക്തിപ്പെടുത്താനാകില്ലെന്ന പരാതി നേരത്തെതന്നെ നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് വിശ്വനാഥവിഭാഗം പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..