23 December Monday
ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി

വയനാടിന്‌ സഹായം എവിടെ ; കേന്ദ്രത്തോട്‌ ഹൈക്കോടതി , രണ്ടാഴ്‌ചയ്‌ക്കകം നിലപാട് അറിയിക്കണം

സ്വന്തം ലേഖകൻUpdated: Saturday Oct 5, 2024


കൊച്ചി
മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായം എപ്പോൾ നൽകാനാകുമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. ദേശീയ ദുരന്തനിവാരണനിധിയിൽനിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ഫണ്ട് എപ്പോൾ നൽകാനാകും എന്നതടക്കമുള്ള വിവരം ഒക്ടോബർ 18നകം അറിയിക്കണമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.   സ്വമേധയാ എടുത്ത കേസും പൊതുതാൽപ്പര്യഹർജികളും പരിഗണിച്ചാണ്‌ ഉത്തരവ്‌.

കേരളത്തിന്  കേന്ദ്രസഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതേത്തുടർന്നാണ്‌ രണ്ടാഴ്‌ചയ്‌ക്കകം  നിലപാടറിയിക്കാൻ ഡിവിഷൻ ബെഞ്ച് അഡീഷണൽ സോളിസിറ്റർ ജനറലിന് നിർദേശം
നൽകിയത്‌. വയനാടിന് കേന്ദ്രസഹായമായി 1202 കോടി ആവശ്യപ്പെട്ടുള്ള നിവേദനത്തിലെ തുക എങ്ങനെ കണക്കാക്കിയെന്ന് സംസ്ഥാന സർക്കാരിനോടും കോടതി ആരാഞ്ഞു.

കൽപ്പറ്റ, മേപ്പാടിയിലെ കോട്ടപ്പടി വില്ലേജുകളിലായി പുനരധിവാസത്തിന്  ഭൂമി കണ്ടെത്തിയെന്നും ടൗൺഷിപ് നിർമാണത്തിന് മന്ത്രിസഭ അനുമതി നൽകിയെന്നും അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ് കോടതിയെ അറിയിച്ചു. 1110 കുടുംബങ്ങൾക്ക് പത്തുസെന്റുവീതം നൽകും. സ്‌കൂളും  മാർക്കറ്റുമടക്കം സജ്ജമാക്കും. പ്രദേശം സുരക്ഷിതമാണെന്ന് വിദഗ്ധ റിപ്പോർട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ടൗൺഷിപ്പിൽ നിർമാണപ്രവർത്തനം നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു.

കേന്ദ്രസർക്കാരിന് സമർപ്പിച്ചത് ചെലവായ തുകയുടെ കണക്കല്ലെന്നും എസ്റ്റിമേറ്റ് തുകയാണെന്നും എജി അറിയിച്ചു. എസ്റ്റിമേറ്റ് കണക്കാക്കിയത് സംബന്ധിച്ച് വിശദീകരണത്തിന്‌ തയ്യാറാണെന്നും അറിയിച്ചു.  പരിസ്ഥിതിലോല മേഖലകളിൽ ക്വാറിയും നിർമാണവും നിയന്ത്രിക്കണമെന്ന്‌ കോടതി നിർദേശിച്ചു.  നിരീക്ഷിക്കാൻ സംസ്ഥാന, ജില്ല, ഡിവിഷൻ തലത്തിൽ രൂപീകരിച്ച വിജിലൻസ് -മോണിറ്ററിങ്‌ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. ദുരിതബാധിതർക്ക്‌ നിയമസഹായം നൽകാൻ കോടതി നിയോഗിച്ച കേരള ലീഗൽ സർവീസസ് അതോറിറ്റി(കെൽസ)യെയും  കക്ഷിചേർത്തു.

കേന്ദ്രം മുഖംതിരിക്കുമ്പോഴും ചേർത്തുനിർത്തി സംസ്ഥാനം
അതിജീവനത്തിന്റെ മഹാമാതൃകകളുമായി വയനാടിനെ ചേർത്തുപിടിച്ച്‌ സംസ്ഥാന സർക്കാർ. സമീപകാലത്ത്‌ രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തം കഴിഞ്ഞിട്ട്‌ രണ്ടുമാസമായിട്ടും സഹായിക്കാതെ കേന്ദ്രം മുഖംതിരിഞ്ഞ്‌ നിൽക്കുമ്പോഴും നാടിന്റെ പുനരുജ്ജീവനത്തിൽ സംസ്ഥാനം അതിവേഗം മുന്നേറുകയാണ്‌. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി മാതൃകാ ടൗൺഷിപ്പ്‌ നിർമിക്കാൻ സ്ഥലമേറ്റെടുക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതോടെ സ്ഥിരം പുനരധിവാസ നടപടികളും വേഗത്തിലാകും. നിരാലംബയായ ശ്രുതിക്ക്‌ ജോലിയും അനാഥരായ കുട്ടികൾക്ക്‌ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചതാണ്‌ ഒടുവിലത്തെ നടപടി.
ഇതുവരെ 11.88 കോടി രൂപ ധനസഹായം നൽകി. നാല്‌ മന്ത്രിമാരടങ്ങുന്ന ഉപസമിതി ജില്ല കേന്ദ്രീകരിച്ച്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന 794 കുടുംബങ്ങളെ 28 ദിവസംകൊണ്ട് താൽക്കാലികമായി പുനരധിവസിപ്പിച്ചു. മുണ്ടക്കൈ ഗവ. എൽപിയും വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും മേപ്പാടിയിലേക്ക്‌ മാറ്റി. പ്രത്യേക അദാലത്ത്‌ നടത്തി നഷ്ടപ്പെട്ട രേഖകൾ തിരികെ നൽകി.
മരിച്ചവരുടെ ആശ്രിതരായ 103 പേർക്ക്‌ എട്ട്‌ ലക്ഷം രൂപവീതം നൽകി. 1031 പേർക്ക്‌ അടിയന്തരധനസഹായം പതിനായിരംവീതം അനുവദിച്ചു. 173 മൃതദേഹം സംസ്‌കരിക്കാൻ പതിനായിരം രൂപവീതം നൽകി. ജീവനോപാധി നഷ്ടപ്പെട്ട 2123 പേർക്ക്‌ ദിവസം മുന്നൂറ്‌ രൂപവീതം ഒരുമാസത്തേക്ക്‌ 9000 രൂപ നൽകി. കിടപ്പുരോഗികളായ 33 പേർക്കും ഈ തുക ലഭിച്ചു. പരിക്കേറ്റവർക്ക്‌ ചികിത്സാസഹായമായി 4,59,200 രൂപയും പ്രത്യേക ധനസഹായമായി 17 ലക്ഷവും അനുവദിച്ചു. 813 കുടുംബങ്ങൾക്ക്‌ വാടകയായി 28,57,800 രൂപയും നൽകി.

അവഗണനയ്‌ക്കെതിരെ 
15 മുതൽ പ്രചാരണം : എം വി ഗോവിന്ദൻ
മുണ്ടക്കൈ ദുരിതാശ്വാസത്തിന്‌ സഹായം നൽകാത്തത്‌ ഉൾപ്പെടെ കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ 15 മുതൽ നവംബർ 15 വരെ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏരിയാതലത്തിൽ  പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.രാജ്യത്തിന്റെ ഫെഡറലിസം തകർക്കുന്ന നയങ്ങളാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌. അന്താരാഷ്‌ട്ര മാർക്കറ്റിൽ അസംസ്‌കൃത എണ്ണയ്‌ക്ക്‌ തുടർച്ചയായി വില കുറഞ്ഞിട്ടും  പെട്രോൾ, ഡീസൽ ചില്ലറ വിലയിൽ മാറ്റമുണ്ടാകുന്നില്ല. രാജ്യത്ത്‌ അതിഭീകരമായ നിലയിൽ തൊഴിലില്ലായ്‌മ വർധിക്കുകയാണ്‌. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളും വർധിക്കുന്നു. ഇക്കാര്യങ്ങളും പ്രചാരണത്തിന്റെ ഭാഗമാക്കും.ലോകത്തെ യുദ്ധങ്ങൾക്കും സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കുമെതിരായ പ്രചാരണവും ശക്തമാക്കും. പലസ്തീനിൽ ഇസ്രായേൽ അധിനിവേശം ശക്തിപ്പെടുത്തിയ ഒക്ടോബർ ഏഴിന്‌ യുദ്ധവിരുദ്ധദിനമായി ആചരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top