23 December Monday

വയനാട് ദുരന്തം: ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

കൽപ്പറ്റ > വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി തിങ്കളാഴ്ച ചാലിയാറിന്റെ തീരങ്ങളില്‍ നടത്തിയ വിശദമായ സംയുക്ത തിരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീരഭാഗവും കൂടി കണ്ടെത്തി. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചാലിയാറിൽ തിരച്ചില്‍ നടത്തിയത്.

 ഇരുട്ടുകുത്തിയില്‍ നിന്നും പനങ്കായത്തില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. ദുരന്തം നടന്ന് രണ്ടാഴ്ചയായി തുടരുന്ന തിരച്ചിലില്‍ ഇതുവരെ 80 മൃതദേഹങ്ങളും 167 ശരീര ഭാഗങ്ങളുമാണ് ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെടുത്ത്ത്. ഇന്ന് ലഭിച്ചതൊഴികെ മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. തിരിച്ചറിഞ്ഞ മൂന്നെണ്ണം നേരിട്ട് ബന്ധുക്കള്‍ക്ക് കൈമാറി. 235 എണ്ണം ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം വയനാട്ടിലേക്ക് കൊണ്ടുപോകുകയും ഏഴ് ശരീരഭാഗങ്ങള്‍ പൂര്‍ണമായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു.

വനമേഖലയായ പാണന്‍കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തെരച്ചിലില്‍ പങ്കെടുത്തു. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ ഏഴ് മേഖലകളായി തിരിച്ച് നാളെ തിരച്ചിൽ തുടരും. മലപ്പുറം ജില്ലയിലും നാളെ തിരച്ചിൽ നടത്തും.

1722 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 5 പുരുഷന്മാർ, 10 സ്ത്രീകൾ, 18 വയസിൽ താഴെയുള്ള 6 കുട്ടികൾ എന്നിങ്ങനെ 21 പേർ ഉരുൾപൊട്ടലിൽ പൂർണമായും ഒറ്റപ്പെട്ടു. ഇവരുടെ പുനരധിവാസം സംബന്ധിച്ച് പോളിസി തയാറാക്കി. ക്യാമ്പുകളിൽ കഴിയുന്നവർക്ക് താത്കാലിക പുനരധിവാസം ഉടൻ നടപ്പാക്കും.മേപ്പാടി, മുപ്പെയാനാട്, വൈത്തിരി, കൽപ്പറ്റ, മുട്ടിൽ, അമ്പലവയൽ എന്നീ ആറ് പഞ്ചായത്തുകൾക്കുള്ളിൽ ക്യാമ്പിലുള്ളവരെ വാടകയിനത്തിൽ പുനരധിവസിപ്പിക്കുന്നത് പരി​ഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top