തിരുവനന്തപുരം
വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിനുകാരണമായത് അതിതീവ്ര മഴയെന്ന് വിദഗ്‌ധ സമിതി റിപ്പോർട്ട്. ഉരുൾപൊട്ടൽ ഉണ്ടായതുവരെയുള്ള രണ്ടു ദിവസത്തിനുള്ളിൽ 572.8 മില്ലി മീറ്റർ മഴയാണ് പ്രദേശത്ത് ലഭിച്ചത്. ജൂലൈ 29ന് രാത്രി ഏഴുമുതൽ പുലർച്ചെ രണ്ടുവരെ മണിക്കൂറിൽ 25 മില്ലി മീറ്ററിലധികം മഴ പെയ്തു.
രാത്രി എട്ടുമുതൽ 10വരെ മണിക്കൂറിൽ 50 മില്ലി മീറ്റർ മഴ ലഭിച്ചെന്നും സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ മൂന്നാമത്തെ റിപ്പോർട്ടിൽ പറയുന്നു. സമിതി ചെയർമാൻ ഡോ. ജോൺ മത്തായിയും സെക്രട്ടറി ജി എസ് പ്രദീപുംചേർന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറിയത്.
പുഞ്ചിരിമട്ടത്തിനും മുണ്ടക്കൈയ്‌ക്കും സമീപം നാലുമുതൽ അഞ്ചു മീറ്റർവരെ കനത്തിൽ കള്ളിമണ്ണുനിറഞ്ഞ ചുവന്ന മണ്ണാണുള്ളത്. അതിതീവ്ര മഴയിൽ ഇത് അസ്ഥിരമായി. പ്രദേശത്ത് സോയിൽ പൈപ്പിങ് പ്രതിഭാസവും കണ്ടെത്തി.
സൂചിപ്പാറവരെ 7.1 കിലോ മീറ്റർ ദൂരം ഉരുൾപൊട്ടിയൊഴുകി. 104 ഹെക്ടറിനെ ബാധിച്ചു. ഈ പ്രദേശം ഉൾപ്പെടുന്ന 107.5 ഹെക്ടർ സ്ഥലം സുരക്ഷിത പ്രദേശമല്ലാതായി. നദിയുടെ വിസ്തൃതി 36 ഹെക്ടർ വർധിച്ചു. മൂന്നു ലക്ഷം ടൺ മേൽമണ്ണ് ഒഴുകിയൊലിച്ചു. 2020 ആഗസ്ത് ഏഴിനും പ്രദേശത്ത് ഉരുൾപൊട്ടിയിരുന്നു. പൊട്ടിയൊഴുകിയ ഉരുൾ പുഴയ്‌ക്ക് ഉൾക്കൊള്ളാവുന്നതായതിനാൽ ജനവാസ മേഖലയെ ബാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..