18 December Wednesday

രക്ഷാപ്രവര്‍ത്തനത്തിന് വാടക, കേന്ദ്ര നടപടി അത്ഭുതപ്പെടുത്തുന്നു: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

കൊച്ചി> രക്ഷാപ്രവര്‍ത്തനത്തിന് വാടക ചോദിച്ച സംഭവത്തില്‍ കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 2017 ലെ എയര്‍ ലിഫ്റ്റിംഗ് ചാര്‍ജ് ഇപ്പോള്‍ ചോദിച്ചത് എന്തിനെന്ന് ചോദിച്ച ഹൈക്കോടതി കേന്ദ്ര നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും പറഞ്ഞു.

2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തുക ആവശ്യപ്പെടുന്നത്

ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേയെന്നും കോടതി ചോദിച്ചു. ദുരന്തത്തെ നേരിടാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് മറ്റൊരു വഴിക്ക് ഈ തുക ആവശ്യപ്പെടുന്നത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

181 കോടി മാത്രമാണ് എസ്ഡിആര്‍എഫില്‍ ബാക്കി ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം ഇത് വയനാടിന് മാത്രമായി വിനിയോഗിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. കേന്ദ്രത്തിന് കണക്ക് സമര്‍പ്പിച്ചതായി സംസ്ഥാനം അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top