തിരുവനന്തപുരം> വയനാട് ദുരന്തത്തെ ദേശീയ ദുരന്തമാക്കി പ്രഖ്യാപിക്കാത്തതും സഹായം നിംഷധിക്കുന്നതും കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്ഐ. ബിജെപി സർക്കാരിന്റെ കേരള വിരോധനയം തിരുത്താൻ തയ്യാറാവണമെന്നും കേന്ദ്രസഹായം നിഷേധിക്കുന്ന നിലപാടിനെതിരെ ശക്തമായ യുവജന പ്രതിഷേധം ഉയർത്തുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ജീവഹാനി നോക്കിയാലും വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ എണ്ണം നോക്കിയാലും രാജ്യത്ത് തന്നെ ഇത്തരം ഒരു ദുരന്തം അപൂർവ്വമാണ്. ഇത്തരം ദുരന്തങ്ങളിൽ നിന്ന് നാടിനെ കരകയറ്റാൻ സാധാരണ രീതിയിൽ കേന്ദ്ര സർക്കാർ സഹായം പതിവാണ്. കേരളത്തിലെ ജനങ്ങൾ ജാതിമത രാഷ്ട്രീയ വ്യത്യാസം മറന്ന് ഒറ്റക്കെട്ടായി നിന്നാണ് ദുരന്തത്തെ നേരിട്ടത്. ദുരന്തബാധിതരെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഇനിയും സഹായങ്ങൾ ലഭ്യമാവേണ്ടതുണ്ട്. പ്രധാനമന്ത്രി നേരിട്ട് സന്ദർശിച്ച് ദുരന്തത്തിന്റെ ആഴം മനസ്സിലാക്കിയതാണ്.
വയനാട് ദുരന്തത്തിന്റെ അതേ ഘട്ടത്തിൽ ദുരന്തം ഉണ്ടായ സംസ്ഥാനങ്ങൾക്ക് കോടികൾ നഷ്ടപരിഹാരം നൽകി. എന്നാൽ അതിനേക്കാൾ കൂടുതൽ നഷ്ടമുണ്ടായ കേരളത്തിന് ഒരു രൂപ പോലും ഇതേവരെ അനുവദിച്ചിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിന് അർഹമായ സഹായങ്ങൾ നൽകാത്തത് കേരളത്തോടുള്ള രാഷ്ട്രീയ വിരോധം കൊണ്ടാണ്. ദുരന്തമുഖത്തെ പോലും രാഷ്ട്രീയ ക്കണ്ണോടു കൂടി കാണുന്നത് അങ്ങേയറ്റം അപലപനീയമാണ്. കേരളത്തിലെ കേന്ദ്രമന്ത്രിമാർക്ക് ഇത് സംബന്ധിച്ച് എന്താണ് പറയുവാനുള്ളതെന്നും ഡിവൈഎഫ്ഐ ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..