22 November Friday

കേന്ദ്ര അവ​ഗണനക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം: ഡിസംബര്‍ അഞ്ചിന് രാജ്ഭവന്‍ മാർച്ചും സംസ്ഥാന വ്യാപക പ്രതിഷേധവും

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

തിരുവനന്തപുരം> വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർത്താർ തുടരുന്ന അവ​ഗണനയ്ക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം. ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു. തിരുവനന്തപുരം രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്നും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാവിലെ 10.30 മുതൽ പകൽ ഒന്നു വരെയാണ്‌ പ്രതിഷേധം. രാജ്‌ഭവനു മുന്നിലെ പ്രതിഷേധത്തിൽ 25,000 പേർ അണിനിരക്കും.  ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾ ഈ സമയം ഉപരോധിക്കും. ഓരോ കേന്ദ്രങ്ങളിലും പതിനായിരം പേർ പങ്കെടുക്കും. നാനൂറിലധികം പേർ മരിച്ച, ആയിരത്തോളം കുടുംബങ്ങളെ ബാധിച്ച വിവരണാതീതമായ ദുരന്തമാണ്‌ വയനാട്ടിലേത്‌. ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ ടൗണ്‍ഷിപ്പ് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായിക്കും എന്ന് പ്രതീക്ഷിച്ചു. പ്രധാനമന്ത്രി നേരിട്ട് വയനാട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എന്നാൽ  ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര സമീപനം സഹിക്കാന്‍ കഴിയാത്തതാണ്. കേന്ദ്രം സഹായിച്ചില്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണി ഈ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാടിന്റെ പൊതു വികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ നടത്തിയത്. കേരളത്തിന്റെ പൊതുപ്രശനമായിട്ടാണ് വയനാട് ദുരന്തത്തെ എല്‍ഡിഎഫ് കാണുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ നിലപാട് ഈ വിഷയത്തില്‍ വേണമെന്നതാണ് എല്‍ഡിഎഫിന്റെ കാഴ്ചപ്പാട്. കേന്ദ്രത്തിനെതിരായ സമരത്തില്‍ ആരെല്ലാം സഹകരിക്കാന്‍ തയ്യാറാകുമോ അവരെ എല്ലാം യോജിപ്പിച്ച് സമരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top