മേപ്പാടി > വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ആറ് മേഖലകളിലായി നാളെ തിരച്ചിൽ നടത്തും. രക്ഷാദൗത്യ സംഘങ്ങളുടെ ടീം ലീഡേർസ് സ്ഥലത്ത് പ്രത്യേക നിരീക്ഷണം നടത്തും. ഇന്നലെ തിരച്ചിലില്‍ ആറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ നിന്നും ഒരു മൃതദേഹവുമാണ് ലഭിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224ആയി.
തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്‍റേഷനിലെ ശ്മശാനത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ സംസ്കരിച്ചു.മൃതദേഹങ്ങൾ കൂട്ട സംസ്കാരം നടത്തിയ സ്ഥലങ്ങൾ നിലനിർത്തും. സ്ഥലത്തിന് ചുറ്റും താത്കാലിക ഫെൻസിങ്ങ് ഏർപ്പെടുത്താനുള്ള നടപടികൾ നാളെ ആരംഭിക്കും.
വയനാട്ടില്‍ നിന്നും നൂറ്റിയമ്പതും നിലമ്പൂരില്‍ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വയനാട്ടില്‍ നിന്നും 24, നിലമ്പൂരില്‍ നിന്നും 157 ഉള്‍പ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് കൂടുതല്‍ സ്ഥലം ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 154 പേരെ കാണാതായി എന്നാണ് കണക്ക്. 88 പേര്‍ ഇപ്പോഴും ആശുപത്രികളിലാണ്. ചൂരല്‍ മല ഭാഗത്ത് 9 ക്യാമ്പുകളിലായി 1381 പേര്‍ കഴിയുന്നു.
സൈന്യം, വനം വകുപ്പ്, ഫയര്‍ ഫോഴ്സ് എന്നിവരടങ്ങിയ സംഘങ്ങളെയാണ് ഇന്നത്തെ തിരച്ചിലിൽ നിയോഗിച്ചിരുന്നത്. സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെയുള്ള ദുര്‍ഘടമായ മേഖലയിലേക്ക്, പ്രത്യേകിച്ചും ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യമായി എത്തിപ്പെടാന്‍ കഴിയാതിരുന്ന സണ്‍റൈസ് വാലിയിലേക്ക് തെരച്ചില്‍ സംഘത്തെ ഹെലികോപ്റ്ററിൽ എത്തിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..