22 December Sunday

ഉരുൾപൊട്ടൽ ; വെള്ളം 30 മീറ്ററോളം ഉയർന്നതായി നിഗമനം

ഒ വി സുരേഷ്‌Updated: Tuesday Aug 13, 2024

മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തിന് മുകൾഭാഗത്തുള്ള വെള്ളോലിപ്പാറ പ്രദേശം പരിശോധിക്കുന്നു


കൽപ്പറ്റ
ചൂരൽമലയിലെ ഉരുൾപൊട്ടലിൽ 30 മീറ്ററെങ്കിലും ഉയരത്തിൽ വെള്ളവും മറ്റും കുത്തിയൊലിച്ചിരിക്കാമെന്ന്‌ പ്രാഥമിക നിഗമനം. സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ പരിശോധനയിലാണ്‌ ഈ നിഗമനം. പുഞ്ചിരിമട്ടത്തെ മണ്ണിൽ ചരലുകൾ കാണാനില്ല. ബാക്കിയായ മരങ്ങളുടെ ഉയർന്നഭാഗങ്ങളിൽ ചെളി അവശേഷിച്ചതായും കണ്ടു. 

അതിശക്തമായ മഴമൂലമുണ്ടായ സ്വാഭാവിക പ്രവർത്തനം നടന്നതാണ്‌ ഉരുൾപൊട്ടലിന്റെ ശക്തികൂടാൻ കാരണം. അതിനാലാണ്‌ ഏഴു കിലോമീറ്ററോളം ദൂരം മണ്ണും കല്ലും വെള്ളവും ഒലിച്ചുവരികയും പുഴ വീതികൂടി പലവഴിക്ക്‌ തിരിയുകയും ചെയ്‌തത്‌. മൂന്നുതവണ ഉരുൾപൊട്ടലുണ്ടായതായാണ്‌ പ്രദേശവാസികൾ പറയുന്നത്‌. പുഞ്ചിരിമട്ടത്തുനിന്ന്‌ പൊട്ടിയൊലിച്ച്‌ വഴിയിൽ രണ്ടോ മൂന്നോ സ്ഥലങ്ങളിൽ തടസ്സമുണ്ടായി. അതും പൊട്ടിച്ച്‌ വന്നതിനാൽ ഒഴുക്കിന്റെ ശക്തികൂടി. ശക്തമായ മഴയാണ്‌ ഈ പ്രദേശത്ത്‌ കുറച്ചുദിവസമായി ഉണ്ടായിരുന്നത്‌. സാധാരണയിൽനിന്ന്‌ വ്യത്യസ്‌തമായി കെട്ടിനിന്ന വെള്ളം തടസ്സങ്ങൾ തകർത്ത്‌ സർവശേഷിയുമെടുത്ത്‌ മുന്നോട്ടുനീങ്ങി എന്നുവേണം കരുതാൻ. അതിനാലാണ്‌ പല കുടുംബങ്ങൾക്കും രക്ഷപ്പെടാനുള്ള സമയംപോലും ലഭിക്കാതിരുന്നത്‌.

പുഞ്ചിരിമട്ടത്ത്‌ നേരത്തെയും ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. 2018ലും 2020ലും. അതിന്റെ അവശിഷ്ടങ്ങൾ സംഘം കണ്ടെത്തി. ഇത്തവണ സാധാരണയിൽനിന്ന്‌ വ്യത്യസ്‌തമായി അധികം മഴയുണ്ടായി. അതാണ്‌ ഉരുൾപൊട്ടലിന്‌ കാരണമായതെന്നുമാണ്‌ പ്രാഥമിക വിലയിരുത്തൽ. ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടുദിവസംകൂടി വയനാട്ടിൽ തുടരും. 22ന്‌ റിപ്പോർട്ട്‌ നൽകും. പുഞ്ചിരിമട്ടവും അനുബന്ധപ്രദേശവുമാണ് ചൊവ്വാഴ്ച പരിശോധിച്ചത്.

കിലോമീറ്ററുകൾ നടന്നാണ്‌ പുഞ്ചിരിമട്ടത്ത്‌ സംഘം എത്തിയത്‌. പ്രഭവകേന്ദ്രത്തിൽ നിന്നും അതിനുമുകളിലുള്ള ഭാഗത്തുനിന്നും മണ്ണിന്റെയും പാറകളുടെയും സാമ്പിൾ ശേഖരിച്ചു. ഉച്ചയ്‌ക്കുശേഷം പ്രദേശത്ത്‌ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന്‌ സംഘം മടങ്ങി. ദുരന്തത്തിന്റെ കാരണവും ഉരുൾപൊട്ടലിൽ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തുന്നുണ്ട്‌.

പ്രദേശത്ത്‌ അനുയോജ്യമായ ഭൂവിനിയോഗവും ശുപാർശ ചെയ്യും. ഉരുൾപൊട്ടൽ ബാധിത മേഖലയിൽ ഉപജീവനം സാധ്യമാകുമോ, പുനരധിവസിപ്പിക്കാനുദ്ദേശിക്കുന്ന സ്ഥലം അനുയോജ്യമാണോ എന്നും പരിശോധിക്കും. കോഴിക്കോട്‌ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. ടി കെ ദൃശ്യ, സൂറത്ത്‌കൽ എൻഐടി അസോസിയേറ്റ്‌ പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, വയനാട്‌ മണ്ണുസംരക്ഷണ വിഭാഗം ഓഫീസർ താരാ മനോഹരൻ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഉരുൾപൊട്ടൽ വിഭാഗം കൺവീനർ ജി എസ്‌ പ്രദീപ്‌ എന്നിവരാണ്‌ സമിതി അംഗങ്ങൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top