22 December Sunday

കാഴ്‌ചകൾക്കായി വരല്ലേ; സന്ദർശകർക്ക്‌ കർശന നിയന്ത്രണം

സ്വന്തം ലേഖകൻUpdated: Sunday Aug 18, 2024

ചൂരൽമല> ദുരന്തബാധിത മേഖലകളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾക്ക്‌ നിയന്ത്രണം. ഉരുൾപൊട്ടി അപകടകരമായ ഇടങ്ങളിലേക്കുവരെ ആളുകളെത്തുന്ന സാഹചര്യത്തിലാണ്‌ നിയന്ത്രണം കടുപ്പിച്ചത്‌. ഈ പ്രദേശങ്ങളിൽ പൊലീസ്‌ പരിശോധനയും കർശനമാക്കി.

തിരച്ചിലിനുള്ള സേനാംഗങ്ങൾ, വളന്റിയർമാർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ ഔദ്യോഗിക ആവശ്യങ്ങൾക്കുള്ളവർക്കേ ദുരന്തമേഖലകളിൽ പ്രവേശനം അനുവദിക്കൂ. സുരക്ഷാ പരിശോധനകൾക്കായി കൂടുതൽ പൊലീസുകാരെയും ചുമതലപ്പെടുത്തി. 30 വരെ ജില്ലയിൽ മഴ തുടരുമെന്നാണ്‌ കാലാവസ്ഥാ മുന്നറിയിപ്പ്‌. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇടവിട്ട്‌ ശക്തമായ മഴയാണ്‌. ഈ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്‌. സന്ദർശകർ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്‌.

ഇത്‌ ഒഴിവാക്കുന്നതിനായാണ്‌ നിയന്ത്രണം കർശനമാക്കിയത്‌. ആളുകളില്ലാത്ത ചില വീടുകളിൽ മോഷണവുമുണ്ടായി. പ്രദേശവാസികളായിരുന്നവർക്ക്‌ ഏതെങ്കിലും വിധത്തിലുള്ള പരിശോധനകൾക്കായി പോകണമെങ്കിൽ അധികൃതരെ വിവരം അറിയിച്ചേ പോകാനാവൂ. അധികൃതർ ചുമതലപ്പെടുത്തുന്നവരും ഇവരുടെ കൂടെയുണ്ടാകും. തകർന്നതും ചെളി നിറഞ്ഞതുമായ വീടുകളിലേക്ക്‌ രക്ഷാപ്രവർത്തകരില്ലാതെ പോകരുതെന്നും നിർദേശമുണ്ട്‌. ഒരാളെയും തനിച്ച്‌ വിടില്ല. ദുരിതബാധിരുടെ മനോനിലകൂടി കണക്കിലെടുത്താണ്‌ ഈ തീരുമാനം. മുണ്ടക്കൈ, പുഞ്ചിരിമട്ടം ഭാഗങ്ങളിലെത്തുന്നവർ വൈകാരികമായി തളർന്നുപോകുന്ന സ്ഥിതിയുമുണ്ട്‌.  പ്രദേശത്ത്‌ രാത്രിയും പൊലീസ്‌ കാവലും പട്രോളിങ്ങും ഏർപ്പെടുത്തി.

ചൂരൽമലയ്‌ക്ക്‌ സമീപം പൊലീസ്‌ ബാരിക്കേഡ്‌ വച്ച്‌ വാഹനങ്ങൾ തടയുന്നുണ്ട്‌.  ഇതരസംസ്ഥാനങ്ങളിൽനിന്നും മറ്റു ജില്ലകളിൽനിന്നുംവരെ ചൂരൽമലയിലേക്ക്‌ ആളുകൾ എത്തുകയാണ്‌. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന്‌ കലക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top