05 November Tuesday

മുണ്ടക്കെെയിലെ സ്നേഹഗാഥ യുവതയുണ്ട് തളരാത്ത കാവലായി

അജ്‌നാസ്‌ അഹമ്മദ്‌Updated: Thursday Aug 29, 2024

കൽപ്പറ്റ> ഉരുളൊഴുകിയെത്തിയ അർധരാത്രി ചൂരൽമല കയറിയ യുവതയുടെ രക്ഷാസൈന്യം ഒരുമാസം പിന്നിടുമ്പോഴും കർമനിരതർ. ജൂലെെ 29ന് അർധരാത്രി മുതൽ  മുണ്ടക്കൈ ദുരന്തഭൂമിയിലും മൃതദേഹങ്ങൾ ഒഴുകിയ ചാലിയാറിലും രക്ഷാസേനകൾക്കൊപ്പം ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ ഇപ്പോഴും സജീവം. ചെളി നിറഞ്ഞ വീടുകളും സ്ഥാപനങ്ങളുമെല്ലാം ശുചിയാക്കുന്ന നീലക്കുപ്പായക്കാർ ദുരന്തബാധിതരെ പുതുജീവിതത്തിലേക്ക്‌ ഉയർത്തുകയാണ്.  മണ്ണിൽനിന്ന്‌ ജീവിതത്തിലേക്ക് കോരിയെടുത്ത നൂറുകണക്കിന്‌ മനുഷ്യരുടെ പുനരധിവാസത്തിനായി യുവത സംസ്ഥാനവ്യാപകമായി ആക്രി പെറുക്കിയും ഭക്ഷണം പാകംചെയ്‌തും തട്ടുകട നടത്തിയും കൂലിപ്പണിയെടുത്തുമെല്ലാം വിയർപ്പൊഴുക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിക്കുംവരെ അമ്പതിലധികം വളന്റിയർമാർ മുഴുവൻസമയവും ക്യാമ്പുകളിലുണ്ടായിരുന്നു.

തിരച്ചിലിന്‌ ഓരോ ദിവസവും ഇരുനൂറിലധികം വളന്റിയർമാരെത്തി. താൽക്കാലിക വീടുകളിലേക്ക്‌ മാറുന്നവരെ സഹായിക്കാനും  മുന്നിലുണ്ടായി.
രക്ഷാപ്രവർത്തനം, തിരച്ചിൽ, പാലം നിർമാണം, ക്യാമ്പുകളിലെയും ആശുപത്രികളിലെയും സേവന പ്രവർത്തനം എന്നിവയിലെല്ലാം സംസ്ഥാന ഭാരവാഹികളടക്കം പങ്കാളികളായി. എല്ലാം നഷ്‌ടപ്പെട്ട ദുരിതബാധിതരെ വായ്‌പാ തിരിച്ചടവിന്റെ പേരിൽ ബാങ്കുകൾ വേട്ടയാടിയപ്പോൾ തുക തിരിച്ചുപിടിക്കാനായത്‌ യുവതയുടെ സമരക്കരുത്തിലാണ്.ആദ്യദിവസങ്ങളിൽ ടൺ കണക്കിന്‌ ഭക്ഷണവും വസ്‌ത്രവും അവശ്യസാധനങ്ങളുമെത്തിച്ച  ഡിവൈഎഫ്‌ഐ കമ്മിറ്റികൾ ‘റീബിൽഡ്‌ വയനാട്‌’ എന്ന പേരിൽ സമഗ്ര പുനരധിവാസ ക്യാമ്പയിനുകളും ഏറ്റെടുത്തു.   ഓരോ ജില്ലാ കമ്മിറ്റികളും വയനാടിനായി ധനസമാഹരണം നടത്തുന്നുണ്ട്‌.  ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ്‌ നഷ്‌ടപ്പെട്ട ചൂരൽമല സ്വദേശി അനീഷിന്‌ വെള്ളിയാഴ്‌ച  ജീപ്പ്‌ കൈമാറാനുള്ള ഒരുക്കത്തിലാണിപ്പോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top