22 November Friday

ചേർത്ത്‌ പിടിക്കാം വയനാടിനെ: പുനരധിവാസത്തിന്‌ 
ടൗൺഷിപ്‌

സ്വന്തം ലേഖകൻUpdated: Sunday Aug 4, 2024

തിരുവനന്തപുരം > വയനാട്‌ മുണ്ടക്കൈ ദുരന്തത്തിൽ സകലതും നഷ്‌ടമായവർക്കായി  വിപുലമായ പുനരധിവാസ പാക്കേജ്‌ തയ്യാറാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  ഇല്ലാതായ  ജനവാസ മേഖലയ്‌ക്ക്‌ പകരം സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ് നിർമിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്‌ സംബന്ധിച്ച  ഭരണതല  ചർച്ചകൾ ആരംഭിച്ചു.   വെള്ളാർമല സ്കൂളിലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ നടപടിയെടുക്കും. ആവശ്യമായ സംവിധാനങ്ങൾ ഉടനടി ഏർപ്പെടുത്തും. അതിന്‌ നേതൃത്വം നൽകാൻ വിദ്യാഭ്യാസ മന്ത്രി വയനാട്ടിൽ എത്തും.

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണ്‌. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകൾ രക്ഷിക്കാനാണ്‌ ശ്രമം. പലയിടത്തായി നിസ്സഹായരായി കുടുങ്ങിപ്പോയ എല്ലാവരേയും കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടത്തിയത്.  ജീവന്റെ അംശം ഉണ്ടെങ്കിൽ  കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക ഉപകരണമായ ഹ്യൂമൻ റെസ്‌ക്യൂ റഡാറടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ്‌ പിന്നീട്‌ നടത്തിയത്‌. 206 പേരെയാണ്‌ കണ്ടെത്താനുള്ളത്‌. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽനിന്നും ഡ്രോൺ ബേസ്ഡ് റഡാർ  ഉടൻ എത്തും.

തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തുകൾക്കാണുള്ളത്. മതപരമായി  സംസ്‌കരിക്കണമെന്ന്‌  ചിലർ ആവശ്യപ്പെട്ടു. അതു കണക്കിലെടുത്ത് സർവമത പ്രാർഥന നടത്താൻ പഞ്ചായത്തുകൾക്ക് മുൻകൈയെടുക്കാം.

കോഴിക്കോട് വിലങ്ങാട്‌  ചെറുതും വലുതുമായ ആറോളം ഉരുൾപൊട്ടലുണ്ടായി. ജനങ്ങൾ വീടുകളിൽനിന്ന് മാറിത്താമസിച്ചതു കാരണമാണ് വലിയ ദുരന്തം ഒഴിവായതെന്നും മുഖ്യമന്ത്രി പറഞ്ഞു.തങ്ങളാൽ കഴിയുന്ന ഏതു സഹായത്തിനും   നിരവധിപേർ സജ്ജരാണ്‌. മനുഷ്യരാണ് നാമേവരും എന്ന സാഹോദര്യത്തിന്റെയും മാനവികതയുടെയും പതറാത്ത ബോധ്യമാണ് ഇന്ന് കേരളത്തിൽ മുഴങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ,  മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽനിന്ന്‌ കലക്ടർക്ക് നാലു കോടി രൂപ അനുവദിച്ചു.

ദുരന്തബാധിതർക്ക്‌ സൗജന്യ റേഷൻ

മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ  റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്‌ത്‌ മാസത്തെ റേഷൻ  സൗജന്യമായി നൽകുമെന്ന്‌ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു.

മുഖ്യമന്ത്രി 
ഒരുലക്ഷം 
നൽകി

മുണ്ടക്കൈ ദുരന്തബാധിതരെ സഹായിക്കാൻ  മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  ഒരു ലക്ഷം രൂപ സംഭാവന നൽകി. ഭാര്യ ടി കമല 33,000 രൂപയും  നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top