23 December Monday

രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിൽ

എം രഘുനാഥ്‌Updated: Sunday Aug 4, 2024

കൽപ്പറ്റ > മുണ്ടക്കൈ ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിൽ. ആറ്‌ സോണുകളായി 1500 രക്ഷാപ്രവർത്തകർ ശനിയും തിരച്ചിൽ തുടർന്നു. പ്രതികൂല കാലാവസ്ഥയിൽ രാത്രി തിരച്ചിൽ നിർത്തി. ഞായറാഴ്ച രാവിലെ തുടരും. നാല്‌ മൃതദേഹങ്ങൾ കണ്ടെടുത്തു. ജീവന്റെ അവസാന തരിവരെ കണ്ടെത്താനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഇനി പുനരധിവാസത്തിനാകും ഊന്നൽ. മരിച്ചവരുടെ എണ്ണം 338ആയി. 219 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 206 പേരെ കണ്ടെത്താനുണ്ടെന്നാണ്‌  കണക്ക്‌.134 ശരീരാവശിഷ്‌ടങ്ങൾ ലഭിച്ചിട്ടുണ്ട്‌. 81 പേർ ചികിത്സയിലാണ്‌. 10 ക്യാമ്പിലായി 1,707 പേരുണ്ട്‌. മാതാപിതാക്കൾ നഷ്‌ടപ്പെട്ട ഏഴ്‌ കുട്ടികളുമുണ്ട്‌. മണ്ണിൽപുതഞ്ഞ മൃതദേഹം കണ്ടെത്താൻ ഡൽഹിയിൽനിന്ന്‌ ഡ്രോൺ ബേസ്ഡ് റഡാർ എത്തിക്കും. പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരുംചേർന്ന് ചാലിയാർ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തുന്നുണ്ട്‌. വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസം ഉറപ്പാക്കാൻ നടപടി തുടങ്ങി. വെള്ളാർമലയിലെയും മുണ്ടക്കൈയിലെയും വിദ്യാർഥികൾക്ക്‌ മേപ്പാടി ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനസൗകര്യമൊരുക്കും. മുണ്ടക്കൈ ഗവ. എൽപി സ്‌കൂളിലെ വിദ്യാർഥികൾക്കുള്ള പഠന സൗകര്യം മേപ്പാടി എ പി ജെ അബ്ദുൾകലാം കമ്യൂണിറ്റി ഹാളിൽ ഒരുക്കാനുള്ള ചർച്ച നടക്കുകയാണ്‌. രണ്ട്‌ ദിവസത്തിനകം ക്ലാസ്‌ ആരംഭിക്കും. യൂണിഫോം, പുസ്‌തകം, ബാഗ്‌ എന്നിവയും ഉറപ്പാക്കും.

മൃഗസംരക്ഷണ മേഖലയിൽ മാത്രം 2.5 കോടി രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. 107 കന്നുകാലികളെ കാണാതായി. മോഹൻലാൽ ശനിയാഴ്ച ദുരന്തപ്രദേശം സന്ദർശിച്ചു. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നുകോടി രൂപ സഹായം പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top