21 December Saturday

ഭാഷയുടെയും ദേശത്തിന്റെയും വേലിക്കെട്ടുകളില്ല സാനിയ
 പ്രിയപ്പെട്ട സഹോദരി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

മേപ്പാടി വിംസ്‌ ആശുപത്രിയിൽ സാനിയയും പ്രിയദർശിനിയും

കൽപ്പറ്റ> ഒഡിഷയിലെ ഭുവനേശ്വർ സ്വദേശിനി പ്രിയദർശിനിക്ക്‌ വയനാട്‌ മുണ്ടേരിക്കാരി സാനിയ ഇന്ന്‌ അനിയത്തിയാണ്‌. ജീവിതത്തിലെ വലിയ ദുരിതകാലത്ത്‌ ഭാഷയുടെയും ദേശത്തിന്റെയും വേലിക്കെട്ടുകൾ മറികടന്ന്‌ കലവറയില്ലാതെ നൽകിയ സ്നേഹമാണ്‌ അവരെ കൂടപ്പിറപ്പുകളാക്കുന്നത്‌.
നാടിനെ നടുക്കിയ ദുരന്തത്തിൽനിന്നുള്ള അതിജീവനത്തിന്റെയും ചേർത്തുപിടിക്കലിന്റെയും മലയാള മുഖമാകുകയാണ്‌  പതിനെട്ടുകാരി സാനിയ.

കൽപ്പറ്റ മുണ്ടേരി വയത്തുവളപ്പിൽ സാനിയ, ഉമ്മ ഹസീനയുടെ ശസ്‌ത്രക്രിയയ്‌ക്കായാണ്‌ മേപ്പാടി വിംസ്‌ ആശുപത്രിയിലെത്തുന്നത്‌. അപ്പോഴാണ് ദുരന്തവിവരമറിയുന്നത്‌.  ചൂരൽമല ഹൈസ്‌കൂൾ റോഡിൽ പുഴയോരത്തെ ലിനോറ ഹോംസ്‌റ്റേയിൽ വിനോദസഞ്ചാരികളായി എത്തിയ പ്രിയദർശിനി (27) യും ഭർത്താവും ഉൾപ്പെടുന്നവർ അപകടത്തിൽപെട്ടു. ചൊവ്വ ഉച്ചയോടെ പ്രയദർശിനിയെയും സുഹൃത്ത്‌ സുകൃതിയെയും വിംസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിനെയും സുഹൃത്തിനെയും  കണ്ടെത്താനായില്ല. ദേഹമാസകലം പരിക്കേറ്റ്‌ ബോധമുണരുമ്പോളെല്ലാം കരയുന്ന സ്‌ത്രീ മലയാളിയല്ലെന്ന്‌ തിരിച്ചറിഞ്ഞ്‌ സാനിയ ഹിന്ദിയിൽ സംസാരിച്ചുതുടങ്ങി.

പിന്നീട്‌ ആശുപത്രിയിൽ പ്രിയദർശിനിക്ക്‌ ആശ്രയം സാനിയ ആയിരുന്നു. ഭർത്താവിനെ നഷ്‌ടമായ അവർക്ക്‌ മാനസിക പിന്തുണ നൽകി കൂട്ടിരുന്നു. വിവരമറിഞ്ഞ്‌ വ്യാഴാഴ്‌ച അച്ഛനും സഹോദരനുമെത്തിയെങ്കിലും കട്ടിലിനരികെ പ്രിയദർശിനി കൂടുതൽ തിരഞ്ഞത്‌ സാനിയെയാണ്‌. ശനി രാവിലെ ആശുപത്രിവിട്ട്‌ ഒഡിഷയിലേക്ക്‌ മടങ്ങുമ്പോൾ ആംബുലൻസിലേക്ക്‌ അനുഗമിച്ച സാനിയയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. ഊരുംപേരും അറിയാത്ത നാട്ടിൽ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ താങ്ങായ സഹോദരിക്കുള്ള സ്നേഹചുംബനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top