09 September Monday

ആയിരങ്ങൾക്ക്‌ ജീവനേകി രക്ഷാപ്രവർത്തനം

സ്വന്തം ലേഖകർUpdated: Sunday Aug 4, 2024

ചൂരൽമല> ഉരുൾവെള്ളത്തിൽ മുണ്ടക്കൈയും ചൂരൽമലയും ഒലിച്ചുപോയപ്പോഴും ആയിരങ്ങളെ വീണ്ടെത്തത്‌ യുദ്ധസമാന രക്ഷാപ്രവർത്തനത്തിലൂടെ. രണ്ടായിരത്തിലധികം പേരെയാണ്‌ ദുരന്തത്തിൽനിന്ന്‌ രക്ഷാപ്രവർത്തകർ കൈപിടിച്ചുകയറ്റിയത്‌. ഭൂരിഭാഗവും മരണമുനമ്പിൽനിന്ന്‌ ജീവൻ തിരികെ പിടിച്ചവർ. ഭരണസംവിധാനത്തിന്റെ മികവും ഏകോപനവും സ്വന്തംജീവൻ പണയപ്പെടുത്തി നന്മയുള്ള മനുഷ്യർ നടത്തിയ പേരാട്ടവുമാണ്‌ ഇവരെ തിരികെ ജീവിതക്കരയിലെത്തിച്ചത്‌. അമാന്തിച്ചിരുന്നെങ്കിൽ ദുരന്തം നിലവിലുള്ളതിനും എത്രയോ ഏറിയേനെ.

ഉരുൾപൊട്ടി തിങ്കൾ രാത്രി 1.30 ഓടെയാണ്‌ മലവെള്ളം ചൂരമലയിലേക്ക്‌ ഇരച്ചെത്തുന്നത്‌. അതേവേഗത്തിൽ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെി. കൂരിരുട്ടിലും സേനാംഗങ്ങൾ മനോബലം കൈമുതലാക്കി നീങ്ങി. ചൂരൽമല ടൗണിന്റെ ഒരുഭാഗത്ത്‌ വെള്ളം നിറയുമ്പോൾ മറുഭാഗത്ത്‌ രക്ഷാപ്രവർത്തനം തുടങ്ങി.
ഉറ്റവരെ വാരിയെടുത്ത്‌ ഓടിയെത്തിയവരെ പുറത്തേക്ക്‌ കൊണ്ടുവന്നു. ജീവനുവേണ്ടി കേഴുന്ന കൂടുതൽപേരുടെ അരികിലേക്ക്‌ എത്തുമ്പോഴേക്കും രണ്ടാമത്തെ ഉരുളിൽ സർവം തകർത്ത്‌ വെള്ളമെത്തി. രക്ഷാപ്രവർത്തകർ ഓടി മാറി. രാത്രിതന്നെ മണ്ണുമാന്തിയന്ത്രങ്ങൾകൊണ്ടുവന്ന്‌ റോഡിലെ ചെളിനീക്കി തുടങ്ങി. എൻഡിആർഎഫ്‌ സംഘവും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും സ്ഥലത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലത്തുണ്ടായിരുന്ന ടി സിദ്ദിഖ്‌ എംഎൽഎയെ ഫോണിൽ വിളിച്ചു. രക്ഷാപ്രവർത്തനത്തിന്‌ എല്ലാ നടപടിയും സ്വീകരിച്ചെന്നും പുലരുമ്പോഴേക്കും സേനാവിഭാഗങ്ങൾ മുഴുവൻ എത്തുമെന്നും പറഞ്ഞു. വെളിച്ചം വീണതോടെ യുദ്ധസമാന രക്ഷാപ്രവർത്തനമായി. മൂന്നൂറോളം അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ്‌ വളന്റിയർമാരും നൂറുകണക്കിന്‌ പൊലീസും എത്തി. ഇവരോടൊപ്പം സമീപപ്രദേശങ്ങളിലുള്ളവരും വളന്റിയർമാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. മണ്ണിൽ പൂണ്ടവരെ പുറത്തെടുത്ത്‌ ആശുപത്രികളിലേക്ക്‌ എത്തിച്ചു. ജില്ലയിലെ മുഴുവൻ ആംബുലൻസുകളും എത്തിയിരുന്നു. ദുരിതാശാസ ക്യാമ്പുകളും സജ്ജമാക്കി. ഒരുപകൽകൊണ്ട്‌ ചൂരൽമലയിലെ മുഴുവനാളുകളെയും മാറ്റി.

സൈന്യംകൂടി എത്തിയതോടെ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശവാസിവാസികളെയും പുറത്തെത്തിച്ചു. 300 കുടുംബങ്ങളെ ഇവിടെനിന്നുമാത്രം രക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽവരെ കൺട്രോൾറൂം തുറന്നായിരുന്നു രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം.

അവിശ്രമം 
ആരോഗ്യപ്രവർത്തകർ

കൽപ്പറ്റ > ചൂരൽമല ദുരന്തമറിഞ്ഞ നിമിഷത്തിൽ ദ്രുതകർമസേനയൊരുക്കി ആരോഗ്യവകുപ്പ്‌. ആരോഗ്യ പരിരക്ഷയ്ക്ക്‌ ചുക്കാൻപിടിച്ച്‌ അഞ്ചാംനാളിലും അവിശ്രമം കർമരംഗത്ത്‌ തുടരുകയാണ്‌ ആരോഗ്യ ജീവനക്കാരും. ആദ്യനാൾ പുലർച്ചെ മൂന്നിനുതന്നെ ബ്ലോക്ക് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ദ്രുതകർമസേനയെ സജ്ജമാക്കി. വൈദ്യസഹായമുൾപ്പെടെ അടിയന്തര സജ്ജീകരണങ്ങളുമായി വാർഡും ഒരുക്കി. തുടർന്ന്‌ ജില്ലാതലത്തിൽ ദുരന്തനിവാരണ മെഡിക്കൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

ചാലിയാറിലൂടെ നിലമ്പൂരിലേക്ക് ഒലിച്ചെത്തിയ മൃതദേഹങ്ങൾ 
മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിലേക്ക് ആംബുലൻസുകളിൽ കൊണ്ടുവന്നപ്പോൾ

ചാലിയാറിലൂടെ നിലമ്പൂരിലേക്ക് ഒലിച്ചെത്തിയ മൃതദേഹങ്ങൾ 
മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിലേക്ക് ആംബുലൻസുകളിൽ കൊണ്ടുവന്നപ്പോൾ

24 മണിക്കൂർ  കൺട്രോൾ റൂം സജ്ജമാക്കി. ചൂരൽമലയിലെ മുഖ്യകൺട്രോൾറൂമിൽ ആരോഗ്യസംഘത്തെ നിയോഗിച്ചു. കൂടുതൽ മൃതദേഹമെത്തി തുടങ്ങിയതോടെ അവ കഴുകി വൃത്തിയാക്കി ഇൻക്വസ്റ്റ് നടപടി സിഎച്ച്‌സിയിൽതന്നെ നടത്തി. ബത്തേരി താലൂക്ക്‌ ആശുപത്രി ഫോറൻസിക് സർജൻ ഡോ. അജിത്തിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീനയാണ്‌ പ്രവർത്തനം ഏകോപിപ്പിച്ചത്‌. കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക്, ഗവ. ജനറൽ ആശുപത്രി,  മിംസ് ആശുപത്രി തുടങ്ങിയ കേന്ദ്രങ്ങളിലെ ഡോക്ടർമാരെത്തി പോസ്റ്റ്മോർട്ടം വേഗത്തിലാക്കി.
മേപ്പാടി ഗവ. പോളിടെക്‌നിക്കിൽ താൽക്കാലിക ആശുപത്രി സജ്ജീകരിച്ചു. ഒമ്പത് ദുരിതാശ്വാസ ക്യാമ്പ്‌ തുടങ്ങി, സർക്കാർ–-സ്വകാര്യ മൊബൈൽ മെഡിക്കൽ ടീമുകൾ സജ്ജമാക്കി സേവനം ഉറപ്പാക്കി. മരുന്നുകളെത്തിച്ചു. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ സ്ഥിതിഗതി വിലയിരുത്തി. ദുരന്തബാധിത പ്രദേശത്തെ 53 മാനസികാരോഗ്യ കൗൺസിലർമാർക്ക് പരിശീലനം നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പറുമൊരുക്കി.

അതിവേഗം ഇൻക്വസ്‌റ്റ്‌

മേപ്പാടി > ദ്രുതഗതിയിൽ ഇൻക്വസ്റ്റ് നടപടികളുമായി പൊലീസ്. 24 മണിക്കൂറും പൊലീസ് സംഘം മേപ്പാടിയിലുണ്ട്. രാത്രിയും പകലും ഓരോ ഇൻസ്പെക്ടർമാരുടെ കീഴിൽ 60 പൊലീസുകാരാണ് പ്രവർത്തിക്കുന്നത്. 15 സംഘമായി തിരിഞ്ഞാണ് ഇൻക്വസ്റ്റ് നടത്തുന്നത്.

മേപ്പാടി സ്റ്റേഷനിൽ 405 ക്രൈം നമ്പറിലാണ് എല്ലാ മരണത്തിലും കേസ് രജിസ്റ്റർ ചെയ്യുന്നത്.  മൃതദേഹങ്ങൾക്ക് നമ്പർ നൽകിയാണ് ഇൻക്വസ്റ്റ് നടപടികൾ. തിരിച്ചറിയുന്നതോ അറിയാത്തതോ എന്നാണ് ആദ്യം പരിശോധിക്കുക. തിരിച്ചറിയുന്നതാണെങ്കിൽ നടപടി ഉടനെ ആരംഭിക്കും. മറ്റുള്ളവയുടെ ഡിഎൻഎ സാമ്പിളിന് അപേക്ഷിക്കും. തിരിച്ചറിഞ്ഞവ ബന്ധപ്പെട്ടവർക്ക് വിട്ടുനൽകും.

അല്ലാത്തവ സൂക്ഷിക്കും. ആദ്യദിനം 94 ഇൻക്വസ്റ്റ് നടപടി ഒരുമിച്ച് പൂർത്തിയാക്കി. ലഭിക്കുന്ന ഒരു ശരീരഭാഗം ഒരു മൃതദേഹം എന്ന നിലയിലാണ് കണക്കാക്കുക. തുടർന്ന് ഡിഎൻഎ സാമ്പിൾ ലഭിക്കുമ്പോൾ മുമ്പ് ലഭിച്ച മൃതദേഹങ്ങളുടെ ഭാഗമാണോ എന്ന് പരിശോധിക്കും.
വന്യമൃഗങ്ങളുടേതടക്കം അവയവങ്ങൾ ലഭിക്കുന്നുണ്ട്. വെറ്ററിനറി ഡോക്ടർ ഉൾപ്പെടുന്ന സംഘത്തെക്കൊണ്ട് പരിശോധന നടത്തും. മൃഗങ്ങളുടേതാണെന്ന് ഉറപ്പാക്കിയശേഷം സംസ്കരിക്കാൻ പഞ്ചായത്തിന് കൈമാറും. അല്ലാത്തവ ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടം നടപടികളിലേക്ക് പോകും. ജില്ലയ്ക്ക്‌ പുറത്ത് ലഭിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഓരോ വ്യത്യസ്ത കേസുകളായി അതത് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലമ്പൂർ സ്റ്റേഷൻ പരിധിയിൽ അമ്പതോളം കേസുകൾ രജിസ്റ്റർചെയ്തു.

വിവരങ്ങൾക്ക്‌ 
വേഗമേകി ഹാം റേഡിയോ

കൽപ്പറ്റ > പ്രകൃതി ദുരന്തത്തെ തുടർന്ന് ആശയവിനിമയം സങ്കീർണമായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽനിന്ന് വിവരശേഖരണം വേഗത്തിലാക്കാൻ ഹാം റേഡിയോ സംവിധാനം. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തകർക്കൊപ്പമുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാർ കലക്ടറേറ്റിലെ ബേസ് സ്റ്റേഷന്‌ വിവരം കൈമാറും.
മുണ്ടക്കൈ, ചൂരൽമല മേഖലയിലെ ടവറുകൾപാടെ നിലംപൊത്തിയതോടെ പരിമിത തോതിലാണ്  മൊബൈൽ ഫോൺ സേവനം. ഈ സാഹചര്യത്തിലാണ് ഹാം റേഡിയോ ഓപ്പറേറ്റർമാർ രംഗത്തിറങ്ങിയത്‌.

കലക്ടറേറ്റിൽ താഴെനിലയിൽ ബേസ് സ്റ്റേഷൻ സജ്ജമാക്കി. റിസീവറുകൾ, ആംപ്ലിഫയർ, ലോഗിങ്ങിനും ഡിജിറ്റൽ മോഡുലേഷനുമുള്ള കംപ്യൂട്ടറുകൾ എന്നിവയോടെ പ്രവർത്തിക്കുന്ന സ്റ്റേഷനിലേക്ക് ദുരന്തഭൂമിയിൽനിന്ന്‌ ഹാം റേഡിയോ ട്രാൻസ്‌മിറ്ററുകളിലൂടെ ഓപ്പറേറ്റർമാർ വിവരം നൽകും. ചൂരൽമല, മുണ്ടക്കൈ രക്ഷാപ്രവർത്തന സംഘങ്ങളിലെ ഓരോ ടീമിനൊപ്പവും ഹാം റേഡിയോ ഓപ്പറേറ്റർമാരുണ്ട്‌. ഇതുവഴി അവിടെനിന്ന്‌ ലഭ്യമാകുന്ന വിവരങ്ങൾ യഥാസമയം കലക്ടറേറ്റിലേക്ക് കൈമാറുന്നുണ്ട്.

സമൂഹ അടുക്കള തിരക്കിൽ: 7000 ഭക്ഷണപ്പൊതികൾ

കൽപ്പറ്റ >  ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്കായി സമൂഹ അടുക്കള സജീവം. നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് മേപ്പാടി ഗവ. പോളിടെക്നിക്കിൽ സജ്ജമാക്കിയ  പാചകപ്പുര. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌സ്‌ അസോസിയേഷനാണ് ഭക്ഷണം വച്ചുവിളമ്പുന്നത്. തഹസിൽദാർ പി യു സിത്താരയാണ് നോഡൽ ഓഫീസർ. ദിവസേന ഏഴായിരത്തോളം ഭക്ഷണപൊതികൾ ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലകളിൽ വിതരണംചെയ്യുന്നു. ഉപ്പുമാവ്‌, കുറുമ തുടങ്ങിയ പ്രഭാത ഭക്ഷണം, ചോറ്, സാമ്പാർ, തോരൻ തുടങ്ങിയ ഉച്ചഭക്ഷണം, രാത്രിയിൽ ചപ്പാത്തിയും കറിയുമാണ് നൽകുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിരീക്ഷണത്തിലാണ് പാചകം.

മേപ്പാടി ഗവ. പോളിടെക്‌നിക്കിലെ 
പാചകപ്പുരയിൽ രക്ഷാപ്രവർത്തകർക്കുള്ള പൊതിച്ചോറ്‌ തയ്യാറാക്കുന്നവർ

മേപ്പാടി ഗവ. പോളിടെക്‌നിക്കിലെ 
പാചകപ്പുരയിൽ രക്ഷാപ്രവർത്തകർക്കുള്ള പൊതിച്ചോറ്‌ തയ്യാറാക്കുന്നവർ



യന്ത്രങ്ങൾ 
തോൽക്കുന്നിടത്ത്‌ ഡോഗ്‌ സ്‌ക്വാഡ്‌


കൽപ്പറ്റ > യന്ത്രങ്ങൾ എത്താൻ ദുഷ്‌കരമായ മലയിടുക്കുകളിലും കുന്നിൻ ചെരിവുകളിലും മനുഷ്യശരീരങ്ങൾ തിരയുകയാണ്‌ ശ്വാനസേന. കരസേന, പൊലീസ്, തമിഴ്നാട് അഗ്നിരക്ഷാസേന എന്നിവയുടെ 11 നായകളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ‘ഡ്യൂട്ടി’യിലുള്ളത്. പാറയും മണ്ണും അടിഞ്ഞുകൂടിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശനിയാഴ്ച ഡോഗ് സ്‌ക്വാഡിന്റെ തിരച്ചിൽ.

മുണ്ടക്കൈയിൽ നിന്നുമാത്രം  പതിനഞ്ചിലധികം മൃതദേഹങ്ങളാണ് ഇവർ കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയെയും ദുർഘടപാതകളെയും താണ്ടാനുള്ള കരുത്ത് ഈ നായകൾക്കുണ്ട്. മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിലെത്തി കുരച്ചാണ് ചില നായകൾ സൂചന നൽകുക. മറ്റു ചിലത്‌ രണ്ടു കൈകൾ കൊണ്ടും മണ്ണിൽ മാന്തും. വാലാട്ടലും സൂചനയാണ്‌.  ഇത്‌ മനസ്സിലാക്കിയാണ്‌ പരിശീലകർ രക്ഷാപ്രവർത്തകർക്ക്‌ വിവരം നൽകുക.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top