19 September Thursday

കൈകോര്‍ക്കാം വയനാടിനായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

കേരള കര്‍ഷകസംഘം 
ഒരുകോടി സമാഹരിക്കും

തിരുവനന്തപുരം> വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സമാഹരിച്ചുനൽകും. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം ചേർന്ന അടിയന്തരയോഗത്തിലാണ് തീരുമാനം. യൂണിറ്റ്, വില്ലേജ്, ഏരിയ, ജില്ലാ ഘടകങ്ങളിലെ പ്രവർത്തകരിൽനിന്ന് തുക സമാഹരിക്കും. 10നുമുമ്പ് മുഖ്യമന്ത്രിക്ക് തുക കൈമാറും. എഐകെഎസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ പി  ജയരാജൻ, സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, സെക്രട്ടറി വത്സൻ പനോളി, ട്രഷറർ ഗോപി കോട്ടമുറിക്കൽ, എം പ്രകാശൻ എന്നിവർ മേഖല സന്ദർശിച്ചു.
അഖിലേന്ത്യ സെക്രട്ടറി വിജൂ കൃഷ്ണൻ, വൈസ് പ്രസിഡന്റ് എസ് കെ പ്രീജ,  കെ എൻ ബാലഗോപാൽ, ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കെഎസ്ഇബിഡബ്ല്യുഎ 5 ലക്ഷം നൽകി

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടത്തിൽ അഞ്ചു ലക്ഷം രൂപ സംഭാവന നൽകി. ജനറൽ സെക്രട്ടറി എസ് ഹരിലാൽ, ട്രഷറർ എ എച്ച് സജു എന്നിവർ മന്ത്രി കെ എൻ ബാല​ഗോപാലിനെ നേരിൽക്കണ്ട് തുക കൈമാറി. എല്ലാ അംഗങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എളമരം കരീം അഹ്വാനം ചെയ്തു. ജീവനക്കാരുടെ കുറവുമൂലം പ്രയാസമുണ്ടെങ്കിലും വൈദ്യുതി തകരാർ പരിഹരിക്കാൻ കെഎസ്ഇബി നടത്തുന്ന ശ്രമങ്ങൾക്ക് ജീവനക്കാർ പൂർണപിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസ് 25 ലക്ഷം

ചങ്ങനാശേരി>വയനാട് പ്രകൃതിദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന്‌ സർക്കാരിനോട് കൈകോർത്ത് എൻഎസ്എസും.  
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 25 ലക്ഷം രൂപ നൽകിയതായി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താകുറിപ്പിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top