22 December Sunday

അവിശ്രമം അഞ്ചാംനാളും

സ്വന്തം ലേഖകർUpdated: Sunday Aug 4, 2024

മുണ്ടേരി കൃഷി ഫാമിലൂടെ ഒഴുകുന്ന പയ്യാനി തോടുകടന്ന് 
മൃതദേഹവുമായി വരുന്ന ട്രാക്ടർ

മലപ്പുറം> ഉറ്റവരെത്തേടുന്നവരുടെ ഹൃദയനൊമ്പരങ്ങൾ നെഞ്ചേറ്റുവാങ്ങുകയാണ്‌ ഇവിടെയൊരു ജനത. അഞ്ചാംനാളിലും അവിശ്രമം. മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടലിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്കും ശരീരഭാഗങ്ങൾക്കുംവേണ്ടിയുള്ള തിരച്ചിൽ ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ചയും ഉർജിതം. ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, മുണ്ടേരി, വാണിയംപുഴ, മച്ചികൈ, ഇരുട്ടുകുത്തി, അമ്പുട്ടാൻപൊട്ടി, തുടിമുട്ടി, നീർപുഴമുക്കം മേഖലകളിലായിരുന്നു തിരച്ചിൽ. പൊലീസ്‌, തണ്ടർ ബോൾട്ട്‌, വനംവകുപ്പ്‌, എൻഡിആർഎഫ്‌, അഗ്‌നിരക്ഷാസേന എന്നിങ്ങനെ സംയുക്ത സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. രാവിലെ ഏഴിന്‌ തുടങ്ങി വൈകിട്ട്‌ ആറുവരെ തുടർന്നു.  വാണിയംപുഴ, കുമ്പളപ്പാറ ഭാഗങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകളും നടന്നു. നാവിക–-പൊലീസ് സേനകളുടെ ചോപ്പർ, നാവികസേനയുടെ ഹെലികോപ്‌റ്റർ, അഗ്‌നിരക്ഷാ സേനയുടെ ഡിങ്കി ബോട്ടുകൾ തുടങ്ങിയവയും തിരച്ചിൽ നടത്തി. ചാലിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ രൂപപ്പെട്ട മൺതിട്ടകളിൽനിന്ന്‌ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തിരച്ചിൽ തുടരുന്നത്.

പയ്യാനി തോടും കടന്ന്

എടക്കര> മലവെള്ളം കുത്തിയൊഴുകുന്ന പയ്യാനി തോടും ചേറും ചളിയുംനിറഞ്ഞ പാതകളും കടന്ന്‌ മൃതദേഹങ്ങൾ ആംബുലൻസുകളിലേക്ക്‌ എത്തിച്ചത് മുണ്ടേരി കൃഷി ഫാമിന്റെ ട്രാക്ടറിൽ. ചാലിയാറിന്റെ തീരത്തുനിന്നും ഉൾപ്രദേശങ്ങളിൽനിന്നും ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ്‌ പ്രതിസന്ധികൾ മറികടന്ന്‌ ട്രാക്ടറിൽ പുറത്തെത്തിച്ചത്‌. മുണ്ടേരി ഫാമിന്റെ പൂവ്വത്തിമുതൽ തലപ്പാലിവരെ മൂന്ന് കിലോ മീറ്റർ മറ്റൊരു വാഹനവും പോകാൻകഴിയാത്ത സ്ഥിതിയാണ്. കുറച്ചുഭാഗംമാത്രമാണ് ടാറിങ്ങുള്ളത്.  മലവെള്ളം കുത്തിയൊഴുക്കുന്ന പയ്യാനി തോട് മുറിച്ചുകടന്നുവേണം സഞ്ചരിക്കാൻ. തോടിന് മുകളിൽ ചെറിയ കോൺക്രീറ്റ് പാലമുണ്ട്. കനത്ത മഴയിൽ പാലത്തിന് മുകളിലൂടെയും ശക്തിയിൽ വെള്ളമൊഴുകും. പരിചയസമ്പന്നരല്ലാത്ത ഡ്രൈവറാണെങ്കിൽ ഒഴുക്കിൽപ്പെടാനും സാധ്യതയുണ്ട്‌. ഈ പ്രതിസന്ധികളെല്ലാം തരണംചെയ്‌താണ്‌ മുണ്ടേരി കൃഷി ഫാമിലെ ഡ്രൈവർമാരായ രാജേഷ്, ശ്രീനിവാസൻ, അബ്ദുൾ അസീസ്, മനോജ്, സുരേഷ് കുമാർ എന്നിവർ ട്രാക്ടറിൽ മൃതദേഹങ്ങൾ ആംബുലൻസിൽ എത്തിക്കുന്നത്‌. രാവിലെ ഏഴുമുതൽ രാത്രി ദൗത്യം അവസാനിക്കുംവരെ വിശ്രമമില്ലാതെയാണ്‌ പ്രവർത്തനങ്ങൾ.

ചേര്‍ത്തുപിടിച്ച് യുവത
 

തിരച്ചിലിനായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് അം​ഗങ്ങള്‍ 
ചാലിയാർ പുഴയിലെ മുണ്ടേരി ഇരുട്ടുകുത്തി കടവ് കടക്കുന്നു‌

തിരച്ചിലിനായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് അം​ഗങ്ങള്‍ 
ചാലിയാർ പുഴയിലെ മുണ്ടേരി ഇരുട്ടുകുത്തി കടവ് കടക്കുന്നു‌

എടക്കര> ചാലിയാറിന്റെ തീരത്തെ തിരച്ചിലില്‍ അഞ്ചാംദിവസവും സജീവമായി ഡിവൈഎഫ്ഐ യൂത്ത് ബ്രി​ഗേഡ്. ശനിയാഴ്‌ച രാവിലെ ഏഴോടെ ചാലിയാറിന്റെ ഇരുട്ടുകുത്തി കടവ് കടന്ന് പനങ്കയംവരെ രണ്ട് ടീമുകളായി തിരച്ചില്‍ നടത്തി. പുഴയിലെ ഒഴുക്കിനെവകവയ്ക്കാതെ കൈകള്‍ ചേര്‍ത്തുപിടിച്ച് ഒരുമിച്ചാണ് പുഴ കടന്നത്. 40 യൂത്ത് ബ്രി​ഗേഡ് വളന്റിയര്‍മാരാണ് പങ്കെടുത്തത്. ജില്ലയുടെ വിവിധ ഭാ​ഗങ്ങളില്‍നിന്ന് പുലർച്ചെ അഞ്ചോടെതന്നെ പ്രവര്‍ത്തകര്‍ പോത്തുകല്ലിലെത്തും. ആവശ്യമായ തയ്യാറെടുപ്പുകള്‍ക്കുശേഷം 6.30ഓടെ മുണ്ടേരിയിലെത്തി ഏഴോടെ തിരച്ചിൽ ആരംഭിക്കും. ദുര്‍ഘടമായ പാതയിലൂടെ കിലോമീറ്ററുകളോളം നടന്നാണ് തിരച്ചില്‍. വൈകിട്ടോടെയാണ് മടക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top