22 December Sunday

വയനാട്‌ ദുരന്തം: കേന്ദ്രസഹായമില്ല, എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതരുടെ സത്യഗ്രഹം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

കൽപ്പറ്റ> വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതർ സത്യഗ്രഹം നടത്തും.

കൽപ്പറ്റ ഹെഡ്‌പോസ്റ്റ്‌ ഓഫീസിന്‌ മുമ്പിൽ നടക്കുന്ന സത്യഗ്രഹം വി ശിവദാസൻ എംപി ഉദ്‌ഘാടനംചെയ്യും. രാവിലെ ഒമ്പത്‌ മുതൽ പകൽ ഒന്നുവരെയാണ്‌ സത്യഗ്രഹം. ആഗസ്ത്‌ ഒമ്പതിന്‌ കേന്ദ്രസംഘം ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ടുകണ്ട്‌  അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു.‌ എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന്‌ പിന്നീട്‌ അവഗണനയാണ്‌ ഉണ്ടായത്‌. ഈ സാഹചര്യത്തിലാണ്‌ പ്രതിഷേധം.

ഒക്ടോബർ ഒന്ന്‌ ചൊവ്വാഴ്‌ച രാജ്യത്ത്‌ ഉണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു കേന്ദ്രം. എന്നാൽ അതിലും ഏറ്റവും കുറവ്‌ സഹായമാണ്‌ കേരളത്തിനായി അനുവദിച്ചത്‌. കൂടാതെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര പട്ടികയും പുറത്തു വന്നിരുന്നു. അതിലും കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ദുരന്തബാധിതർ സത്യഗ്രഹത്തിനിറങ്ങുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top