24 November Sunday

വയനാട്‌ പാക്കേജ്‌ ഉടൻ അനുവദിക്കണം ; കേന്ദ്രത്തോട്‌ കേരളം

സ്വന്തം ലേഖകൻUpdated: Tuesday Nov 5, 2024


ന്യൂഡൽഹി
വയനാട്‌ മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പ്രത്യേക ധനസഹായം എത്രയും വേഗം അനുവദിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട്‌ ആവശ്യപ്പെട്ടു. പ്രത്യേക പാക്കേജിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന്‌ കേന്ദ്ര ധനമന്ത്രി അറിയിച്ചു. എന്നാൽ പാക്കേജ്‌ എപ്പോൾ പ്രഖ്യാപിക്കുമെന്ന്‌ നിർമല സീതാരാമൻ വ്യക്തമാക്കിയില്ല.

കിഫ്‌ബി, പെൻഷൻ ഫണ്ട്‌ ഇനങ്ങളിൽ എടുത്ത വായ്‌പ മുൻകാല പ്രാബല്യത്തോടെ തിരിച്ചുപിടിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം തിരുത്തണമെന്നും മന്ത്രി ബാലഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ഈ തീരുമാനം കാരണം നടപ്പുവർഷവും അടുത്ത വർഷവുമായി 4711 കോടി വീതം കേരളത്തിന്റെ ഖജനാവിന്‌ നഷ്ടമാകും. മുൻകാല പ്രാബല്യത്തോടെ വായ്‌പാ പണം തിരിച്ചുപിടിക്കാനുള്ള തീരുമാനം കേരളത്തിന്റെ വിഭവലഭ്യതയെ ദോഷകരമായി ബാധിക്കും. ഈ തീരുമാനം പുനഃപരിശോധിച്ച്‌ ഈ വർഷവും അടുത്ത വർഷവും 4711 കോടി രൂപ വീതം വായ്‌പയെടുക്കാൻ കേരളത്തെ അനുവദിക്കണം.

കേരളത്തിലെ ദേശീയപാത വികസനത്തിനായുള്ള ഭൂമിയേറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം വഹിക്കുന്നത്‌ സംസ്ഥാന സർക്കാരാണ്‌. 6769 കോടി ഇതിനായി അനുവദിച്ചിട്ടുണ്ട്‌. 5580 കോടി ഇതിനകം ചെലവഴിച്ചു.  ഭൂമി ഏറ്റെടുക്കലിനായി ചെലവഴിച്ച തുകയെ അധിക മൂലധനനിക്ഷേപമായി പരിഗണിക്കണം. ഉപാധിയില്ലാതെ ആറായിരം കോടി രൂപ ഈ വർഷം വായ്‌പയെടുക്കാൻ അനുവദിക്കണം.

കാപെക്‌സ്‌ പദ്ധതിപ്രകാരമുള്ള ധനസഹായം കിട്ടുന്നതിനായി കേന്ദ്രസർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. ഈ വ്യവസ്ഥ കാരണം സംസ്ഥാനത്തിന്‌ 2023–-24 സാമ്പത്തികവർഷത്തിൽ വലിയ നഷ്ടം സംഭവിച്ചു. നടപ്പുവർഷം 1546.92 കോടിയുടെ പദ്ധതിനിർദേശങ്ങൾ എക്‌സ്‌പെൻഡിച്ചർ വകുപ്പിന്‌ അയച്ചുകൊടുത്തിട്ടുണ്ട്‌. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന ഉറപ്പ്‌ രേഖാമൂലം നൽകണമെന്ന്‌ എക്‌സ്‌പെൻഡിച്ചർ വകുപ്പ്‌ ആവശ്യപ്പെട്ടിരിക്കയാണ്‌. മാനദണ്ഡങ്ങൾ പരമാവധി പാലിക്കാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ട്‌ –-മന്ത്രി ബാലഗോപാൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top