22 December Sunday

വയനാട് ടൂറിസത്തിനു ഉണർവേകാൻ മാസ് ക്യാമ്പയിൻ: മന്ത്രി പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

കോഴിക്കോട്> വയനാട്ടിലെ ടൂറിസം വ്യവസായം പഴയനിലയിലാക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സെപ്തംബർ മാസത്തിൽ പ്രത്യേക മാസ് ക്യാമ്പയിൻ ആരംഭിക്കുമെന്നും വയനാട്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിചേരുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാർക്കറ്റിംഗ് പ്രചാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

2021ൽ ഈ രീതിയിലുള്ള പ്രചാരണം നടത്തിയതിൻറെ ഫലമായി ബംഗളുരുവിൻറെ വാരാന്ത ടൂറിസം കേന്ദ്രമായി വയനാട് മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വയനാട് ജില്ലയിലെ പ്രകൃതി ദരന്തത്തെ തുടർന്നുണ്ടായ ടൂറിസം രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അതുവരെ കാണാത്ത രീതിയിലുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ഉണ്ടായ സമയത്താണ് വയനാട് ദുരന്തം സംഭവിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തം ടൂറിസം മേഖലയെ എല്ലാതരത്തിലും ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് അഡി. ഡയറക്ടർ വിഷ്ണുരാജ് പി, ജോയിൻറ് ഡയറക്ടർ സത്യജിത്ത് എസ്, ഡെ. ഡയറക്ടർ ഗിരീഷ് കുമാർ ഡി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



വയനാട് ജില്ലയിലെ 10 ടൂറിസം സംഘടനകളിൽ നിന്നും വയനാട് ടൂറിസം ഓർഗനൈസേഷൻ, ഹാറ്റ്സ്(ഹോംസ്റ്റേ കേരള), ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ, വയനാട് എക്കോ ടൂറിസം അസോസിയേഷൻ, വയനാട് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ, വയനാട് ടൂറിസം അസോസിയേഷൻ, ഓൾ കേരള ടൂറിസം അസോസിയേഷൻ, നോർത്ത് വയനാട് ടൂറിസം അസോസിയേഷൻ, കാരാപ്പുഴ അഡ്വഞ്ചർ ടൂറിസം അസോസിയേഷൻ, ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിൽ എട്ട് ടൂറിസം സംഘടനകളിൽ നിന്നുമായി, ഹാറ്റ്സ് (ഹോംസ്റ്റേ കേരള), മലബാർ ടൂറിസം അസോസിയേഷൻ, മലബാർ ടൂറിസം കൗൺസിൽ, ഡെസ്റ്റിനേഷൻ കോഴിക്കോട്, ഫാം ടൂറിസം, കെടിഎം, ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ, സർഗ്ഗാലയ എന്നിവർ പങ്കെടുത്തു. കണ്ണൂർ ജില്ലയിൽ നിന്നും മലബാർ ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ, ഡിസ്ട്രിക്ട് ടൂറിസം ഗൈഡ്സ് അസോസിയേഷൻ എന്നിവരാണ് പങ്കെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top