23 December Monday

കരുതലിന്റെ കാട്‌പൂത്തു; ആദിവാസി കുടുംബത്തെ പുറത്തെത്തിച്ച്‌ വനംവകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

ചൂരൽമല >  ദുരന്തബാധിത മേഖലയായ അട്ടമലയിലെ ഉൾക്കാട്ടിൽ പാറയിടുക്കിൽ കഴിഞ്ഞ ആദിവാസി കുടുംബത്തെ പുറത്തെത്തിച്ച്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ. ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽനിന്ന്‌ ഒമ്പത്‌ കിലോമീറ്റർ അകലെ മലയടിവാരത്ത്‌ പാറയിടുക്കിൽ കഴിഞ്ഞിരുന്ന കൃഷ്‌ണനെയും ഭാര്യയെയും നാല്‌ കുട്ടികളെയുമാണ്‌ സാഹസികമായി പുറത്തെത്തിച്ചത്‌. പണിയവിഭാഗത്തിൽപെട്ട ഇവർ കാടിറങ്ങാൻ തയ്യാറാകാത്തവരാണ്‌.

വ്യാഴാഴ്ച ശാന്തയും നാലുവയസുള്ള കുട്ടിയും കാട്ടിൽ അലയുന്നത്‌ വനപാലകർ കണ്ടിരുന്നു. തീർത്തും അവശരായിരുന്നു. ഉരുൾപ്പൊട്ടിയത്‌ അറിഞ്ഞിരുന്നില്ല. അരിവാങ്ങാൻ ഇറങ്ങിയതാണെന്നും ഭർത്താവും മൂന്നുകുട്ടികളും പാറയിടുക്കിലുണ്ടെന്നും പറഞ്ഞു. ശാന്തയെയും മകനെയും അട്ടമലയിലെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചശേഷം വനപാലകർ കൃഷ്‌ണനെയും മക്കളെയും തേടിയിറങ്ങി. പാറയിടുക്കിൽ എത്തുമ്പോൾ മൂന്നും രണ്ടും ഒന്നും വയസുള്ള കുട്ടികളും കൃഷ്‌ണനും വലിച്ചുകെട്ടിയ ഷീറ്റിന്‌ താഴെ ഇരിക്കുയായിരുന്നു. അവശരായിരുന്നെങ്കിലും കാടിറങ്ങാൻ വിസമ്മതിച്ചു. ശാന്തയും മകനും താഴെയുണ്ടെന്ന്‌ പറഞ്ഞതോടെ പോകാൻ തയ്യറായി. കുത്തനെയുള്ള പാറക്കെട്ടുകൾ കയറ്റിയാണ്‌ മുകളിലെത്തിച്ചത്‌. ബെഡ്‌ ഷീറ്റ്‌കീറി കുട്ടികളെ വനപാലകർ ശരീരത്തോട്‌ ചേർത്ത്‌കെട്ടി സാഹസികമായാണ്‌ മലകയറ്റിയത്‌. പിന്നീട്‌ ഇവരെയും അട്ടമലയിലെ സുരക്ഷിത കേന്ദ്രത്തിലാക്കി. കൽപ്പറ്റ റേഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസർ കെ ഹാഷിഫ്‌, സെക്ഷൻ ഫോറസ്‌റ്റ്‌ ഓഫീസർ വി എസ്‌ ജയചന്ദ്രൻ, ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർ കെ അനിൽകുമാർ, വാച്ചർ അനൂപ്‌ തോമസ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.

ഇനി പ്രതീക്ഷയുടെ ഒത്തുചേരലുകൾ


വല്ല്യമ്മ സുന്ദരമ്മയെ കണ്ട സന്തോഷത്തിൽ തൃദേവ്‌ അമ്മ സരസ്വതിയുടെ മടിയിൽനിന്ന്‌ ചാടിയിറങ്ങി. ഓടിയെത്തിയ കുഞ്ഞിനെ ചേർത്തുപിടിക്കുമ്പോൾ താഴെഅരപ്പറ്റ കല്ലിങ്കൽവീട്ടിൽ സുന്ദരമ്മയുടെ കണ്ണുനിറഞ്ഞു. പിന്നെ നെറുകയിലും കവിളിലും സ്‌നേഹചുംബനം. മണിക്കൂറുകൾക്ക്‌ ശേഷം മേപ്പാടി ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന്‌ സുന്ദരമ്മ മടങ്ങുംവരെ തൃദേവ്‌ ഒക്കത്തുണ്ട്‌. ദുരന്തത്തെ അതിജീവിച്ച്‌ ദിവസങ്ങൾക്ക്‌ ശേഷം കണ്ടുമുട്ടുന്നതിന്റെ സ്‌നേഹവും സന്തോഷവും ഇരുവരിലും. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ നാടിനെ വിഴുങ്ങിയ നോവിലും പ്രതീക്ഷയുടെ കാഴ്‌ചയായിരുന്നു ഉറ്റവരുടെ കണ്ടുമുട്ടൽ. എല്ലാം നഷ്‌ടപ്പെട്ടവരെ തേടി പ്രിയപ്പെട്ടവരെത്തുന്ന കാഴ്‌ച. ചൂരൽമല എച്ച്‌എസ്‌ റോഡിലെ വീട്ടിലാണ്‌ സുന്ദരമ്മയുടെ സഹോദരി സരസ്വതിയും ഭർത്താവ്‌ മാധവത്തിൽ ഷിജുവും കുടുംബവും താമസിക്കുന്നത്‌. ഷിജുവിന്റെ അമ്മ മാധവി, ഹൃദയശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം വിശ്രമിക്കുന്ന സഹോദരി ഷീജ, അമ്മയുടെ സഹോദരി ഇരുകാലുകളും തളർന്ന ശാരദ എന്നിവരാണ്‌ വീട്ടിലുള്ളത്‌.  ചൂരൽമല  തകർന്നടിഞ്ഞ രാത്രി അയൽവാസി ഷെമീറിന്റെ ഇരുനില വീടിന്‌ മുകളിലാണ്‌ കുടുംബം അതിജീവിച്ചത്‌. മരണമുറപ്പിച്ച നിമിഷം ചൊവ്വ പുലർച്ചെ സരസ്വതി സുന്ദരമ്മയെയും വിളിച്ച്‌ കരഞ്ഞു. സുന്ദരമ്മ അതിരാവിലെ ആംബുലൻസുമായി എത്തിയെങ്കിലും ഇവരെ ബന്ധപ്പെടാനായില്ല. രാവിലെ രക്ഷാപ്രവർത്തകരെത്തി സുരക്ഷിതസ്ഥാനത്തെത്തിച്ചു. പിന്നീട്‌ മേപ്പാടിയിലെ ക്യാമ്പിലെത്തി. സുന്ദരമ്മ മാത്രമല്ല നിരവധി പേരാണ്‌ ക്യാമ്പുകളിൽ ഉറ്റവരെ തേടിയെത്തുന്നത്‌. ആശങ്കയുടെയും തീരാനോവിന്റെയും ദിവസങ്ങൾക്ക്‌ ശേഷം ക്യാമ്പുകളിലെ പ്രതീക്ഷയുടെ കാഴ്‌ചകളാകുകയാണ്‌ ഓരോ കണ്ടുമുട്ടലും.

കുട്ടിയിടത്തിൽ പിറക്കുന്നു
മാനും മയിലും... 

   കുരുന്നുകൾക്ക്‌  മുന്നിൽ അവർ  നിറങ്ങൾ നിരത്തി. നിമിഷങ്ങൾക്കം  കുഞ്ഞുവിരലുകളിൽ നിന്നും മാനും മയിലും മനുഷ്യനും പുഴയും പിറന്നു.  ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക്‌ അവധി നൽകി അവർ ‘കുട്ടിയിട’ത്തിലിരുന്ന്‌ വർണങ്ങളിൽ  ലയിച്ചു. അവിടെ ചിരികളികൾ പൂവിട്ടു.  സെന്റ്‌ ജോസഫ്‌സ്‌ ഗേൾസ്‌ എച്ച്‌എസ്‌എസിലെ ദുരിതാശ്വാസ ക്യാമ്പിലാണ്‌  ഉരുൾപൊട്ടലിന്റെ  ആഘാതം മാറ്റാൻ   കുട്ടിയിടം ഒരുക്കിയത്‌. ബാലാവകാശ കമീഷനാണ്‌ ‘കുട്ടിയിട’മെന്നപേരിൽ ഒരു ഭാഗം ഒരുക്കിയത്‌.   കുട്ടികൾക്ക്‌ ഒരുമിച്ച്‌   കളിക്കാനും രസിക്കാനുമുള്ള കേന്ദ്രമാണിത്‌. വെള്ളി രാവിലെ മജീഷ്യൻ ഗോപിനാഥ്‌ മുതുകാട്‌ കുട്ടിയിടത്തിലെത്തി. അതിജീവനത്തിന്റെ കഥകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും പകർന്നു.  മാജിക്‌ കാണണമെന്നായി കുട്ടികൾ.  അതോടെ അദ്ദേഹം ഒരു വർത്തമാനപത്രം കൈയ്യിലെടുത്തു. പലതവണ പത്രം കീറി. എത്രതവണ കീറിയിട്ടുണ്ടാവുമെന്നായി ചോദ്യം. പലർക്കും പല ഉത്തരം. എന്നാൽ കീറിയ ആ പത്ര തുണ്ടുകളിൽനിന്നും ഉയർത്തിക്കാട്ടിയത്‌ കീറാത്ത മുഴുവായ പത്രം. കുട്ടികളും മുതിർന്നവരും അത്‌ഭുതത്തോടെ കയ്യടിച്ചു. എങ്ങനെയൊക്കെ  വേർപിരിക്കാൻ ശ്രമിച്ചാലും നമ്മൾ ശക്തമായി തിരിച്ചുവരുമെന്ന്  ബാലാവകാശ കമീഷൻ കെ വി മനോജ്‌കുമാർ  അവരോട്‌ പറഞ്ഞു. കുട്ടികൾക്കായി കൂടുതൽ കളിക്കോപ്പുകളും വിനോദ സംവിധാനങ്ങളും സ്‌കൂളിൽ ഒരുക്കിവരുന്നതായി സ്‌കൂൾ അധികൃതർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top