10 September Tuesday

വയനാട് ദുരന്തം: സന്നദ്ധ പ്രവർത്തനത്തിനായി ഇതുവരെ രജിസ്റ്റർ ചെയ്‌തത് 18,000 പേർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

മേപ്പാടി > വയനാട് ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി ഇതുവരെ രജിസ്റ്റർ ചെയ്തത് 18,000 വോളണ്ടിയർമാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാദൗത്യത്തിൽ കൈകോര്‍ക്കാന്‍ നിരവധി സന്നദ്ധപ്രവര്‍ത്തകരും സംഘടനകളുമാണ് മുന്നോട്ടുവന്നത്. ജില്ലാ ഭരണസംവിധാനം ഒരുക്കിയ സംവിധാനത്തിലൂടെ 18,000  പേര്‍  വോളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 5400 പേര്‍ വയനാട് ജില്ലയില്‍ നിന്ന് മാത്രമുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഓരോ ദിവസവും ആവശ്യാനുസരണം വോളണ്ടിയേഴ്സിനെ ദൗത്യസേനയുടെ നിര്‍ദ്ദേശപ്രകാരം ദുരന്ത മേഖലകളില്‍ എത്തിക്കും. ആറു മേഖലകളായി തിരിഞ്ഞ് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 750 മുതല്‍ 1000 വരെ വോളണ്ടിയര്‍മാരാണ് ഒരു ദിവസം ഇറങ്ങുന്നത്. ഇന്ന് 1126  പേര്‍ സന്നദ്ധസേനക്കൊപ്പം ദുരന്ത മേഖലയിലുണ്ട്. ഇതിനു പുറമേ 140 ടീമുകളും വോളണ്ടിയര്‍ പ്രവര്‍ത്തനത്തിന്  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെയും ആവശ്യാനുസരണം പ്രയോജനപ്പെടുത്തും. ഇതിനെല്ലാം സഹായമായി യുവജനസംഘടനകളും ഒപ്പമുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.  

പോസ്റ്റ്മോര്‍ട്ടത്തിന് മാത്രമായി 150 ലധികം ജീവനക്കാരെയാണ് നിയോഗിച്ചത്. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും വയനാട്ടിലെ വിവിധ ആശുപത്രികളില്‍ നിന്നും ജീവനക്കാരുണ്ട്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, നഴ്സിംഗ് അസിസ്റ്റന്‍റ്മാര്‍, ഹെഡ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് ഉള്‍പ്പെടെ ആദ്യ ദിവസങ്ങളില്‍ മൂന്നും ഇപ്പോള്‍ രണ്ടും ഷിഫ്റ്റുകളായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് 60 ജീവനക്കാരാണ്  പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ ഉള്ളത്. രക്ഷാപ്രവര്‍ത്തനത്തോടൊപ്പം ഇവരുടെ സേവനവും വിലമതിക്കാനാവാത്തതാണ്.

ഉരുള്‍പൊട്ടല്‍ ബാധിത മേഖലകളിലെ ക്രമസമാധാന പരിപാലനം ശക്തിപ്പെടുത്തേണ്ടതാണ്. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമേ പോകുന്നുള്ളൂ എന്ന് പൊലീസ് ഉറപ്പാക്കും. പൊതു കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ നാശനഷ്ടം  വിലയിരുത്തി പൊതുമരാമത്ത് വകുപ്പ്  റിപ്പോര്‍ട്ട്  സമര്‍പ്പിക്കുന്നതിനൊപ്പം ദുരന്താനന്തര ആവശ്യങ്ങളുടെ വിലയിരുത്തല്‍ (Post Disaster Needs Assessment) ദുരന്ത നിവാരണ അതോറിറ്റി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ ആറ് സെക്ടറുകളായി തിരിച്ചുള്ള തെരച്ചിലില്‍ വിവിധ സേനകളില്‍ നിന്നായി 1174 പേരെയാണ് വിന്യസിച്ചത്. 84 ഹിറ്റാച്ചികളും അഞ്ച് ജെസിബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്. 112 ടീമുകളായി 913 വളണ്ടിയര്‍മാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേര്‍ന്നു. പൊലീസ്, കരസേന, തമിഴ്നാട് അഗ്നിരക്ഷാ സേന എന്നിവയുടെ ഡോഗ് സ്ക്വാഡും തെരച്ചിലിന് രംഗത്തുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top