27 December Friday

എന്റെ നാടിന്... എന്നാലായത്: വയനാട്ടിൽ കരുതിയ 20 സെന്റ്‌ കൈമാറി അജിഷ

എ എസ്‌ ജിബിനUpdated: Wednesday Aug 7, 2024

അജിഷ

തൃശൂർ > രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും മണ്ണിനടിയിലായ സ്വന്തം നാടിനെ കൈപിടിച്ചുയർത്താൻ 20 സെന്റ് ഭൂമി നൽകി അജിഷ. തൃശൂർ മുളങ്കുന്നത്തുകാവിൽ   താമസിക്കുന്ന അജിഷ വാടക വീട്ടിലായിരുന്ന അച്ഛൻ ജയചന്ദ്രനും  അമ്മ ഉഷകുമാരിക്കും വീടുവച്ച് താമസിക്കാൻ വയനാട്‌ കമ്പളക്കാട്‌ കുമ്പളാട്‌ വാങ്ങിയ സ്ഥലമാണിത്. 
 
വയനാട്ടിലെ കർഷക കുടുംബത്തിൽ ജനിച്ച അജിഷ സ്വകാര്യ ചാനലിലെ പരിപാടിക്കിടെ ഫോണിലൂടെയാണ് ധനമന്ത്രി കെ എൻ ബാലഗോപാലിനോട്‌ ഭൂമി നൽകാനുള്ള സന്നദ്ധത അറിയിച്ചത്. എല്ലാം നഷ്ടപ്പെട്ട നാലോ അഞ്ചോ കുടുംബങ്ങൾക്ക് കുമ്പളാടെ സ്ഥലത്ത് താമസിക്കാനാകുമെന്ന് അജിഷ പറഞ്ഞു.  സർക്കാർ ആവശ്യപ്പെടുന്നതിനനുസരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥലം വിട്ടുനൽകും. 
 
പർവതാരോഹക,  അനൗൺസർ, അഭിനേത്രി, മോഡൽ, ഡബ്ബിങ് ആർട്ടിസ്റ്റ്, ആങ്കർ, നീന്തൽ പരിശീലക എന്നീ നിലകളിൽ പ്രശസ്തയായ അജിഷ ആദ്യമായല്ല സഹായ മനസ്കതകൊണ്ട് ശ്രദ്ധേയയാകുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് രക്തംവാർന്ന് കിടന്ന യുവാവിനേയും അമ്മാവനേയും ആശുപത്രിയിലെത്തിച്ച് മനുഷ്യത്വത്തിന്റെ മുഖമായി അജിഷ മാറിയിട്ടുണ്ട്. 
 
രക്തം വാർന്നുകിടന്ന ഇവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായിരുന്നില്ല. ആ സമയത്താണ് കെഎസ്‌എഫ്‌ഇ തൃശൂർ പാറമേക്കാവിന് സമീപമുള്ള  സായാഹ്ന ശാഖയിൽ സ്‌പെഷ്യൽ ഗ്രേഡ്‌ അസിസ്‌റ്റന്റായി പ്രവർത്തിക്കുന്ന അജിഷയെത്തിയത്. എന്തുചെയ്യണമെന്നറിയാതെ നിന്ന ആൾക്കൂട്ടത്തിൽനിന്ന് വ്യത്യസ്തയായി ഉടനടി  രണ്ടു വാഹനങ്ങൾ തടഞ്ഞുനിർത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
 
അജിഷയ്ക്ക് പിഎസ്‌സി വഴി കെഎസ്ആർടിസി കണ്ടക്ടറായും പൊലീസിലും ജോലി ലഭിച്ചിരുന്നു. പൊലീസിൽ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലും പിങ്ക് പൊലീസിലും ഇന്റലിജൻസ് വിഭാ​ഗത്തിലും പ്രവർത്തിച്ചു. പിന്നീടാണ് കെഎസ്എഫ്ഇയിലേക്ക് മാറിയത്. 
തൃശൂർ മെഡിക്കൽ കോളേജ് സിഎസ്ആർ യൂണിറ്റിലെ ജീവനക്കാരനായ മുളങ്കുന്നത്തുകാവ് കുട്ടത്ത് ഹരിദാസാണ് ഭർത്താവ്. അനന്തകൃഷ്ണൻ, ഹർഷ വർധൻ, ഹരേശ്വർ എന്നിവരാണ് മക്കൾ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top