കൽപ്പറ്റ >
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കൃത്യമായ രൂപരേഖയുമായി സംസ്ഥാന സർക്കാർ. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കും. ക്യാമ്പുകളിലുള്ളവരെ താൽക്കാലികമായി പുനരധിവസിപ്പിക്കുമെന്നും തുടർന്ന് ടൗൺഷിപ്പ് ഒരുക്കി സ്ഥിരം വാസസൗകര്യമേർപ്പെടുത്തുമെന്നും റവന്യു മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭാ ഉപസമിതി യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
തിരച്ചിലിന് കൂടുതൽ കെഡാവർ നായകളെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഭ്യമാക്കും. സൂചിപ്പാറ മുതൽ പോത്തുകല്ലുവരെയുള്ള ഭാഗത്ത് ചാലിയാറിന്റെ ഇരുകരകളിലും തിരച്ചിൽ നടത്താൻ ഡോഗ് സ്‌ക്വാഡിനെ ഉപയോഗപ്പെടുത്തും. ചൊവ്വ രാവിലെ ദൗത്യസംഘം രണ്ടു ടീമായി തിരിഞ്ഞാകും തിരച്ചിൽ.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് നിലവിൽ 16 ക്യാമ്പിലായി 720 കുടുംബമുണ്ട്. മികച്ച താമസസൗകര്യം ഒരുക്കുംവരെ ഇവരെ താൽക്കാലികമായെങ്കിലും മാറ്റിപ്പാർപ്പിക്കണം. അതിന് ഒഴിഞ്ഞ കെട്ടിടങ്ങൾ, ഫ്ലാറ്റുകൾ, വീടുകൾ എന്നിവ കണ്ടെത്താൻ തദ്ദേശവകുപ്പ് വിവരശേഖരണം നടത്തും. മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും ഉപജീവനത്തിന് കുടുംബശ്രീ മൈക്രോ പ്ലാൻ തയ്യാറാക്കും. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള പ്രവർത്തനം മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച ചേരുന്ന യോഗത്തിൽ ആവിഷ്‌കരിക്കും.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെ ദുരിതബാധിത വില്ലേജ് ആയി പ്രഖ്യാപിക്കാനുള്ള നടപടിയിലാണ്. തകർന്ന രണ്ടു റോഡുകളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി പുനർനിർമിക്കും. തൊഴിൽദിനം കൂട്ടുന്നതിനൊപ്പം ഫണ്ടിന്റെ കാര്യത്തിലെ നിയന്ത്രണവും നീക്കും. നഷ്ടപ്പെട്ട എല്ലാ രേഖകളും തിരിച്ചുകിട്ടാൻ വിവിധ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. മന്ത്രി എ കെ ശശീന്ദ്രൻ, കലക്ടർ ഡി ആർ മേഘശ്രീ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..