ചൂരൽമല >
""ഞാനിനി മേപ്പാടിയിലേക്ക് പോട്ടെ... അവരെ എങ്ങനെയെങ്കിലും കണ്ടെത്തണം''– ബന്ധുവിന്റെ തോളിൽ വിതുമ്പിയ നൗഫൽ കണ്ണ് തുടച്ച് മുണ്ടക്കൈ മലയിറങ്ങി. ഒമാനിൽനിന്ന് കഴിഞ്ഞദിവസമെത്തിയതാണ്. കളത്തിങ്കൽ നൗഫലിനായി ഉരുൾ ബാക്കിവച്ചത് ഇതുവരെ ജീവിച്ച വീടിന്റെ തറ മാത്രം.
ബാപ്പ കുഞ്ഞുമൊയ്‌തീൻ, ഉമ്മ ആയിഷ, ഭാര്യ സജന, കുട്ടികളായ നഹ്‌ല നസ്‌റിൻ, നിഹാൽ, ഇഷാ മെഹ്‌റിൻ, നൗഫലിന്റെ സഹോദരൻ മൻസൂർ, ഭാര്യ മുഹ്‌സിന, മക്കൾ ഷഹല ഷെറിൻ, സഫ്‌ന ഷെറിൻ, ആയിഷ അമാന എന്നിവരെ ആ രാത്രി ഉരുൾ വിഴുങ്ങി. 11 അംഗ കുടുംബം നഷ്ടമായതിൽ അഞ്ച് മൃതദേഹം കണ്ടെത്തി. മൂത്തമകൾ നഹ്‌ല നസ്‌റിന്റെ മൃതദേഹം കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞു.
നൗഫൽ മൂന്നുമാസം മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിയത്. വെള്ളാർമല സ്കൂളിനുസമീപം താമസിച്ചിരുന്ന ചേട്ടൻ മൻസൂറും കുടുംബവും ഒറ്റരാത്രി തങ്ങാൻ തറവാട്ടിൽ എത്തിയതാണ്. ഷഹലയുടെ നിക്കാഹ് രണ്ടുവർഷം മുമ്പ് കഴിഞ്ഞു. വരൻ വിദേശത്തായതിനാൽ വിവാഹം നീണ്ടു. സെപ്‌തംബർ 22ന് വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. ഇതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്‌ടമായി.
നൗഫലിന്റെ വീടിനുസമീപം താമസിച്ചിരുന്ന സഹോദരി നൗഷിബയുടെ ഭർത്താവിന്റെ കുടുംബവീടും ഇവിടെയുണ്ടായിരുന്ന അഞ്ചുപേരെയും ദുരന്തമെടുത്തു. സഹോദരിയും ഭർത്താവ് സാഹിറും മറ്റൊരിടത്ത് താമസിക്കുന്നതിനാൽ രക്ഷപ്പെട്ടു. നെഞ്ചുലയ്‌ക്കുന്ന നോവിലും തിരിച്ചറിയാത്ത മൃതദേഹങ്ങൾക്കിടയിൽ ഉറ്റവരെ തിരയുകയാണ് നൗഫലിപ്പോൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..