വയനാട് > വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പുനരധിവാസ സഹായവുമായി നിരവധി പേർ രംഗത്ത്. കർണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും 100 വീടുകൾ വീതം നിർമിച്ചു നൽകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ നിർമിക്കുന്ന 25 വീടുകൾ ഉൾപ്പെടെയാണ് 100 വീടുകൾ രാഹുൽ ഗാന്ധി നൽകുന്നത്.
വയനാട്ടില്‍ 10 കോടി രൂപ ചെലവഴിച്ച് 50 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ശോഭാ ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പിഎന്‍സി മേനോന്‍ അറിയിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി.
കിംസ്ഹെൽത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നൽകി. ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള കൈമാറി. എടിഇ പിആർഒ അലക്സ് പാപ്പച്ചൻ, കിംസ്ഹെൽത്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ഇ എം നജീബ്, എച്ച് ആർ ഗ്രൂപ്പ് ഹെഡ് കൃപേഷ് ഹരിഹരൻ, ഹെൽത്ത്കെയർ പ്രൊമോഷൻസ് എജിഎം സഫർ ഇക്‌ബാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിച്ചു നല്‍കും. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ദുരിത ബാധിതര്‍ക്ക് വീടുകള്‍ വെച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തീരുന്ന മുറക്ക് മതിയായ ഭൂമി ലഭ്യമാകുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.
ലൈബ്രറി കൗണ്‍സിലിന്‍റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണറേറിയവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയന്‍മാരുടെ അലവന്‍സില്‍ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്‍റില്‍ നിന്നുള്ള വിഹിതവും ചേര്‍ത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചു. കോഴിക്കോട് കാപ്പാട് നിന്നുമുള്ള യൂസുഫ് പുരയില്‍ തന്‍റെ അഞ്ച് സെന്‍റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി വിട്ടുനൽകാമെന്ന് അറിയിച്ചു.
ദുരന്തസ്ഥലത്ത് നഷ്‌ടമായ വീടുകൾക്ക് പകരം വീടുകൾ നിർമിച്ചു നൽകാനും മറ്റു സഹായങ്ങളുമായും ധാരാളം പേർ മുന്നോട് വരുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്കീം (എന്‍എസ്എസ്) ദുരിത ബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്‍റെ തുക സര്‍ക്കാര്‍ നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഫ്രൂട്ട്സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി.
ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..