08 October Tuesday

വയനാട് ദുരന്തം: ദുരിതാശ്വാസനിധിയിൽ ലഭിച്ചത് 514 കോടി; കേന്ദ്രസഹായം ഇതുവരെ ലഭ്യമായിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

തിരുവനന്തപുരം > വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ദുരന്തത്തിൽ വിവിധ മേഖലകളിലായി 1,200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് അധിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുകയും  പ്രധാനമന്ത്രിയെ നേരില്‍കണ്ട് ഒരിക്കല്‍ക്കൂടി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. നഷ്ടം കണക്കിലെടുത്തുള്ള അധിക കേന്ദ്രസഹായത്തിനായി കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി മെമ്മോറാണ്ടം തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചു വെങ്കിലും ദുരന്തത്തിന്‍റെ ഭാഗമായി ലഭിക്കേണ്ട പ്രത്യേക ധനസഹായം ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ പ്രത്യേക ധനസഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയിൽ മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു.

ദുരന്തത്തിന് ശേഷം ഇതുവരെ 514.14 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണ പ്രക്രിയയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സന്നദ്ധസംഘടനകളും ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ട്. ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള സമഗ്രമായ പുനരധിവാസ പാക്കേജാണ് സർക്കാർ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡപ്രകാരമുള്ള 4 ലക്ഷം രൂപയ്ക്ക് പുറമെ 2 ലക്ഷം രൂപ കൂടി ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും അനുവദനീയമായ തുകയ്ക്ക് പുറമെ 50,000 രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചു. കണ്ണുകള്‍, കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും അനുവദനീയമായ തുകയ്ക്ക് പുറമെ 40 ശതമാനം മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും 60 ശതമാനത്തിലധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും ദുരിതാശ്വാസധിനിയില്‍ നിന്ന് അനുവദിച്ചു. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 6 കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ നഷ്ടപ്പെട്ട 8 കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും പിന്നീട് അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുപോലെ ഒറ്റപ്പെട്ടവരെയും സംരക്ഷിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുന്നതാണെന്നും നിയമസഭയിൽ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top