19 December Thursday

മുണ്ടക്കൈ പുനരധിവാസം ; എൽസ്‌റ്റൺ, നെടുമ്പാല എസ്‌റ്റേറ്റുകളിൽ 
മാതൃകാ ടൗൺഷിപ്പ്‌

സ്വന്തം ലേഖകൻUpdated: Thursday Oct 3, 2024

ഗ്രാഫിക്സ്: 
നിതിൻ


തിരുവനന്തപുരം
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മാതൃകാ ടൗൺഷിപ്പ് നിർമിക്കാൻ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ നഗരത്തോട്‌ ചേർന്ന എൽസ്റ്റൺ എസ്റ്റേറ്റും ഏറ്റെടുക്കും. ദുരന്ത നിവാരണ നിയമം 2005 പ്രകാരം ഭൂമിയേറ്റെടുക്കാൻ  മന്ത്രിസഭായോഗം അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ സ്ഥലങ്ങൾ അനുയോജ്യമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന്‌ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. ആദ്യഘട്ടം വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെയാണ്‌ പുനരധിവസിപ്പിക്കുക. വാസയോഗ്യമല്ലാതായ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവരെ രണ്ടാംഘട്ടത്തിൽ പുനരധിവസിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്നവരുടെ കരടുപട്ടിക വയനാട് കലക്ടർ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നതിനുള്ള വിശദമായ നിർദേശങ്ങളിറക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി.

ശ്രുതിക്ക് ജോലി, അനാഥരായ ആറ്‌ കുട്ടികൾക്ക് 10 ലക്ഷം രൂപ
വയനാട് ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയും അടക്കമുള്ള കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുതവരനെയും  നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് 10 ലക്ഷം രൂപവീതവും മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട എട്ട് കുട്ടികൾക്ക് അഞ്ച്‌ ലക്ഷം രൂപവീതവും നൽകും. വനിതാ–-ശിശു വികസന വകുപ്പാണ് പണം നൽകുക. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും മന്ത്രിസഭായോഗം അനുമതി നൽകി.

വീണ്ടും കേന്ദ്രത്തെ സമീപിക്കും
വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ വാ​ഗ്ദാനംചെയ്ത പ്രത്യേക ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ദുരന്തത്തിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം വളരെ വലുതാണ്. ഇക്കാര്യത്തിൽ ഫലപ്രദമായ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിച്ചത്. ഈ വർഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക്‌ കിട്ടാനുള്ള കേന്ദ്രവിഹിതം കൂടാതെ 219.2 കോടി രൂപയാണ് അടിയന്തര സഹായമായി സംസ്ഥാനം അഭ്യർഥിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ ലഭിക്കേണ്ട കേന്ദ്രവിഹിതമായ 291.2 കോടി രൂപയുടെ ആദ്യഗഡു 145.6 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചു. രണ്ടാംഗഡുവായ 145.6 കോടി രൂപ മുൻകൂറായി ഇപ്പോൾ അനുവദിച്ചതായി ഒക്ടോബർ ഒന്നിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വാർത്താകുറിപ്പിൽ പറയുന്നു. ഇത് സാധാരണ നടപടിക്രമം മാത്രമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top