22 November Friday

മുറിവുണക്കി ദുരിതാശ്വാസ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

മേപ്പാടി> അതിജീവനത്തിന്റെ കുഞ്ഞുവെളിച്ചം കൊളുത്തിവെക്കുന്ന കളിചിരികൾ  നിറയുകയാണ്‌ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ. വേദനകളെ മായ്‌ച്ചുകളയലാണ്‌ അതിജീവനത്തിലേക്കുള്ള മാർഗമെന്ന്‌ ഓർമപ്പെടുത്തുന്നു ക്യാമ്പിലെ കുഞ്ഞുങ്ങൾ. മിമിക്രിയും മോണോആക്ടുമായി ആദിത്യനും അമർജിതും. ദേവികയുടെ പാട്ട്‌.

താളം പിടിച്ചും നൃത്തംചെയ്‌തും കൂട്ടാളികൾ. വനിതാ ശിശുവികസനവകുപ്പിന്‌ കീഴിൽ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസലർമാരാണ്‌ കുട്ടികൾക്ക്‌ മാനസിക പിന്തുണയും  കൗൺസലിങ്ങും നൽകുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്‌. മലപ്പുറം, കോഴിക്കോട്‌ ജില്ലക്കാരായ 12 കൗൺസലർമാരാണ്‌ ക്യാമ്പുകളിലുള്ളത്‌. 15 വയസ്സിൽ താഴെയുള്ള മുപ്പതോളം പേർ പരിപാടികളിൽ പങ്കെടുത്തു. കഴിഞ്ഞദിവസം സെന്റ്‌ജോസഫ്‌ യുപി സ്‌കൂളിലും കൗൺസലിങ്‌ നടത്തിയിരുന്നു.

സെന്റ്‌ ജോസഫ്‌ യുപി സ്‌കൂളിലെ ക്യാമ്പിൽ ശബരിതയുടെ ജന്മദിനം ആഘോഷിച്ചപ്പോൾ

സെന്റ്‌ ജോസഫ്‌ യുപി സ്‌കൂളിലെ ക്യാമ്പിൽ ശബരിതയുടെ ജന്മദിനം ആഘോഷിച്ചപ്പോൾ



ക്യാമ്പിൽ ശബരിതയ്‌ക്ക്‌ 
ജന്മദിനാഘോഷം


"‘വീട്‌ നഷ്‌ടപ്പെട്ട സങ്കടമൊക്ക അൽപനേരം മറന്നു. ഇവരുടെയൊക്കെ സ്‌നേഹം സന്തോഷം പകർന്നു'’. മേപ്പാടി സെന്റ്‌ജോസഫ്‌ യുപി സ്‌കൂളിലെ ക്യാമ്പിലായിരുന്നു ചൂരൽമല അഭിഷേക്‌ നിവാസിൽ ശബരിതയുടെ ഇരുപതാം പിറന്നാൾ.  ക്യാമ്പിൽ പരിചയപ്പെട്ട കുഞ്ഞുവാവയോട്‌ വെറുതെ പറഞ്ഞതായിരുന്നു ഇന്ന്‌ ജന്മദിനമാണെന്ന്‌... അവൾ പറഞ്ഞ്‌  പലരും അറിഞ്ഞു. ആരും ഒന്നും പറഞ്ഞില്ല. കുറച്ച്‌ കഴിഞ്ഞപ്പോൾ സർപ്രൈസായി ക്യാമ്പംഗങ്ങളും സംഘാടകരുമെല്ലാം ചേർന്ന്‌ കേക്ക്‌ മുറിച്ച്‌ ജന്മദിനം ആഘോഷമാക്കി- ശബരിത പറഞ്ഞു.

ലാബ്‌ ടെക്‌നീഷ്യനായ ശബരിതയുടെ വീട്‌ പൂർണമായും നശിച്ചിരുന്നു. ശബരിതക്കൊപ്പം അച്ഛനും അമ്മയും ബന്ധുക്കളും  ക്യാമ്പിലുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top