22 December Sunday

മുണ്ടക്കൈ ദുരന്തം: രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മലവെള്ളപ്പാച്ചിലും മഴയും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ഫോട്ടോ: ബിനുരാജ്

മേപ്പാടി > വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ നാശനഷ്ടങ്ങൾ ഏറെ. ഏ​ക​ദേശം 250ഓളം പേർ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദുരന്തത്തിൽ മരിച്ച 59 പേരുടെ മൃതദേഹം വയനാട്ടിലെ വിവിധ അശുപത്രികളിലെത്തിച്ചിട്ടുണ്ട്. ചാലിയാർ പുഴയിൽ ഒഴുകിലെത്തിയ നിലയിൽ 24 മൃതദേഹങ്ങളും ലഭിച്ചു. ഇവ നിലമ്പൂർ താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങളിൽ പലതും തിരിച്ചറിഞ്ഞിട്ടില്ല.

മോശം കാലാവസ്ഥ പ്രദേശത്തെ രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്.  രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മുണ്ടക്കൈ പുഴയിൽ വീണ്ടും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ചൂരൽമലയിൽ വീണ്ടും ഉരുൾപ്പൊട്ടൽ ഉണ്ടായതായി സംശയിക്കുന്നുണ്ട്. ഇതോടെ രക്ഷാദൗത്യം കൂടുതൽ ദുഷ്കരമായിരിക്കുകയാണ്. പ്രദേശത്ത് നിന്ന് ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും വീടുകളിലും കെട്ടിടങ്ങളിലും നിരവധി പേർ ഒറ്റപ്പെട്ട് കിടക്കുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. സ്ഥലത്തെ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടുകാർ പറയുന്നു.

റിസോർട്ടുകളിൽ നൂറുകണക്കിന് പേർ കുടുങ്ങിക്കിടക്കുന്നതായി മുമ്പ് വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്. മുണ്ടകൈ, ചുരൽമല, അട്ടമല ഭാ​ഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ചെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വലിയ രീതിയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തു. രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങൾ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.

മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയിൽ കഴിഞ്ഞദിവസം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്.

ദുരന്തത്തിന്റെ വ്യാപ്തി ഏറെ വലുതാണെന്നാണ് പുറത്തുവരുന്ന വിവരം. പ്രദേശത്ത് മഴ ശക്തമായി തന്നെ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയുകുന്നുണ്ട്. ഉരുൾപൊട്ടലിൽ പാലം തകർന്നത് പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തുന്നതിന് തടസമായിരുന്നു. മുണ്ടക്കൈയിലെത്തിയ സൈന്യം താൽക്കാലിക പാലം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം വയനാട്ടിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ടെന്നതും ആശങ്ക വർധിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top