09 September Monday

വയനാട് ഉരുൾപൊട്ടൽ: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; 51 പേരുടെ പോസ്റ്റ്‌മോർട്ടം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

കൽപ്പറ്റ> വയനാട് ഉരുൾപൊട്ടലിൽ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ ജനിതക പരിശോധനകൾ നടത്താനുള്ള സംവിധാനമൊരുക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാൻ വയനാടിലുള്ള ഫോറൻസിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറൻസിക് ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കി. മൊബൈൽ മോർച്ചറി സൗകര്യങ്ങൾ ക്രമീകരിച്ചു.

ഉരുൾപൊട്ടലിനെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കുന്നതിന്  മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്നു. ജില്ലകളുടെ പൊതു സാഹചര്യവും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ജില്ലകളുടെ പ്രവർത്തനങ്ങൾ പ്രത്യേകമായും ചർച്ച ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു. ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവർത്തകന് വീതം ചുമതല നൽകാൻ നിർദേശം നൽകി. പകർച്ചവ്യാധി പ്രതിരോധത്തിനായി നടപടികൾ സ്വീകരിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കാൻ നിർദേശം നൽകി. സ്റ്റേറ്റ് ആർആർടി യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

പ്രളയാനന്തര പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധം ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കണം. ജലജന്യ രോഗങ്ങൾ പ്രതിരോധിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.

വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ മരുന്നുകളുടേയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കണം. വയനാടിലേക്ക് കൂടുതൽ മരുന്നുകളെത്തിച്ചു. വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ ഗർഭിണികളുടേയും കുട്ടികളുടേയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. വയനാട് ഉരുൾപൊട്ടലിനെ തുടർന്നുള്ള സാഹചര്യം നേരിടുന്നതിന് ആരോഗ്യ വകുപ്പ് സത്വര നടപടികൾ സ്വീകരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സ്ഥലത്ത് വേണ്ടത്ര ക്രമീകരണങ്ങൾ നടത്താൻ വകുപ്പിന് നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചു ചേർത്ത് തുടർനടപടികൾ സ്വീകരിച്ചു. ഇതുകൂടാതെ മന്ത്രി നേരിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ് നടത്തി വരുന്ന ക്രമീകരണങ്ങൾ വിലയിരുത്തുകയും തുടർനടപടികൾക്ക് നിർദേശം നൽകുകയും ചെയ്തു.

വയനാട്ടിൽ പ്രാദേശികമായി ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടറെ രാവിലെതന്നെ നിയോഗിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കി വരുന്നു. ചൂരൽമലയിൽ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കി. പോളിടെക്‌നിക്കിലെ താൽക്കാലിക ആശുപത്രി പ്രവർത്തനമാരംഭിച്ചു.

ജില്ലയിലെ ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കി. വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. കോഴിക്കോട്, കണ്ണൂർ, തൃശൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ടീമിനെ വയനാടേയ്ക്ക് അയച്ചു. കോഴിക്കോട്ട് നിന്നുള്ള രണ്ട് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. സർജറി, ഓർത്തോപീഡിക്‌സ്, കാർഡിയോളജി, സൈക്യാട്രി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും നഴ്‌സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത മേഖലകളിൽ പ്രവർത്തന പരിചയമുള്ള ഡോക്ടർ സംഘവും സ്ഥലത്ത് എത്തുന്നതാണ്.

വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അവധിയിലുളള ആരോഗ്യ പ്രവർത്തകരോട് അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിച്ചു വരുന്നു. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ അധികമായി എത്തിച്ചു. മലയോര മേഖലയിൽ സഞ്ചരിക്കാൻ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശം നൽകി. ആശുപത്രികളുടെ സൗകര്യങ്ങൾക്കനുസരിച്ച് പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ടെലിഫോൺ വഴിയുള്ള കൗൺസലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങൾക്കുമായി ടെലി മനസ് ശക്തിപ്പെടുത്തി. ടെലി മനസ് ടോൾഫ്രീ നമ്പരിൽ (14416) 24 മണിക്കൂറും സേവനം ലഭ്യമാണ്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സ്റ്റേറ്റ് കൺട്രോൾ റൂം ശക്തിപ്പെടുത്തി 24 മണിക്കൂറാക്കി. 0471 2303476, 0471 2300208 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ആർആർടി അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top