09 September Monday

ചൂരൽമല ടൗൺ വരെ വൈദ്യുതി പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

മേപ്പാടി > വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്ര​ദേശത്തിന് സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി. ചൂരൽമല ടൗൺ വരെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ദുരന്തഭൂമിയിലേക്ക് വൈദ്യുതിയെത്തിക്കാൻ നിലവിൽ നടക്കുന്ന രക്ഷാദൗത്യം പൂർത്തിയാകേണ്ടതുണ്ട്. മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഈ മേഖലയിൽ  മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നു. രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നിട്ടുണ്ട്. കുറഞ്ഞത് മൂന്ന് കോടി രൂപയുടെ നാശനഷ്ടങ്ങൾ ഈ മേഖലയിൽ മാത്രം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ

ഉരുൾപൊട്ടൽ നടന്ന പ്രദേശത്തെ പ്രധാനപ്പെട്ട പാലവും റോഡുകളും ഒലിച്ചുപോയതിനാലും രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാലും അവിടേയ്ക്കു കടന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനോ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോ സാധിച്ചിട്ടില്ല. ദുരന്തം നടന്ന സ്ഥലത്ത് കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച മുതൽക്കുതന്നെ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. വൈദ്യുതി എത്തിയ്ക്കണമെങ്കിൽ തകർന്ന ലൈനുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ സാധിക്കുകയുള്ളു. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ  എബിസി കേബിളുകളും ട്രാൻസ്ഫോർമറുകളും അനുബന്ധ സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. അവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

നിലവിൽ മേപ്പാടി ടൗണിലും പ്രധാന ആശുപത്രികളായ വിംസ് മെഡിക്കൽ കോളേജ്, മേപ്പാടി ഗവണ്മെന്റ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ഈ പ്രദേശത്തും ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമല പ്രദേശത്തും സബ് എഞ്ചിനിയറുടെ നേതൃത്വത്തിൽ രണ്ട് ടീമുകളെ വാഹനസഹിതം 24 മണിക്കൂറും തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും കെഎസ്ഇബി പ്രസ്താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top