09 September Monday

ബെയ്‍ലി പാലം സജ്ജം ; രക്ഷാദൗത്യത്തിന് വേ​ഗം കൂടും

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

മേപ്പാടി > ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം സജ്ജീകരിക്കുന്ന ബെയ്‍ലി പാലത്തിന്റെ നിർമാണം പൂർത്തിയായി. മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതൽ ഉപകരണങ്ങൾ മുണ്ടക്കൈയിലേക്ക് ഇനി വേ​ഗത്തിൽ എത്തിക്കാനാകും.

മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാർ​ഗമായ ഏക പാലം ഉരുൾപൊട്ടലിൽ തകർന്നിരുന്നു. സൈന്യം നിർമിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകർ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും. ഹിറ്റാച്ചിയടക്കമുള്ള  യന്ത്രസംവിധാനങ്ങൾ പുഴയിലൂടെ ഇറക്കിയാണ് എത്തിച്ചത്. ഉരുൾ പൊട്ടലിൽ മണ്ണിനടിയിലായിട്ടുണ്ട്. ഇവിടെ ആളുകൾ പെട്ടു പോയിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽവലിയ വാഹനങ്ങളും യന്ത്രസാമ​ഗ്രികളും ദുരന്തഭൂമിയേലേക്ക് എത്തിക്കണം. മുണ്ടക്കൈയിലേക്ക് രാജ്യത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും എത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. കൂടുതൽ യന്ത്രങ്ങൾ ചൂരൽമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കെയിലേക്ക് ബെയ്‍ലി പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ ഇത്തരം പ്രവർത്തനങ്ങളുടെ വേ​ഗം കൂടും. 

24 ടൺ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി നീളവുമുണ്ട്. പുഴയിൽ പ്ലാറ്റ്ഫോം നിർമിച്ചാണ് പാലത്തിന്റെ തൂൺ സ്ഥാപിച്ചിരിക്കുന്നത്. ജെസിബിയും ഹിറ്റാച്ചിയും ആംബുലൻസുമെല്ലാം പോകാൻ ശേഷിയുള്ള കരുത്തുള്ള പാലമാണിത്. കണ്ണൂർ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് നിർമാണ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിർമിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങൾക്ക് തടസ്സം നേരിടാതെ രക്ഷാപ്രവർത്തകർക്ക് നടന്നു പോകാൻ സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിർമിക്കുന്നതെന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top