23 December Monday
സിവിൽ സ്റ്റേഷൻ 24x7 പ്രവർത്തനസജ്ജമാക്കി ആയിരത്തിലധികം ജീവനക്കാർ

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സർക്കാർ സംവിധാനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

തിരുവനന്തപുരം > മേപ്പാടി - മുണ്ടക്കൈ  ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചിട്ടയോടെ പ്രവർത്തിച്ച് ജില്ലയിലെ സർക്കാർ സംവിധാനം. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ചുമതലകൾ നിർവഹിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കൽപ്പറ്റയിലെ സിവിൽ സ്റ്റേഷനും ചൂരൽമലയിലെ താൽക്കാലിക കൺട്രോൾ റൂമും കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്.

രക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനം, ടെക്‌നിക്കൽ ടീം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, വിവരശേഖരണം, ആരോഗ്യ പ്രശ്‌നബാധിതരുടെ പരിപാലനം, മൃതശരീരങ്ങളുടെ സൂക്ഷിപ്പ്-കൈമാറ്റം-സംസ്‌കരണം, കാണാതായവരുടെ വിവരശേഖരണം, അതിഥി തൊഴിലാളികളുടെ പരിചരണം, വളണ്ടിയർ മാനേജ്‌മെന്റ്-രജിസ്‌ട്രേഷൻ, ഡാറ്റാ മാനേജ്‌മെന്റ്, കോൾ സെന്റർ മാനേജ്‌മെന്റ്, ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണം-വിതരണം, കൗൺസിലിങ് സേവനം,  വെഹിക്കിൾ മാനേജ്‌മെന്റ്, മാലിന്യ സംസ്‌കരണം എന്നിങ്ങനെ 15ലധികം സംഘങ്ങളിലായി ആയിരത്തിലധികം ജീവനക്കാരാണ് കളക്ടറേറ്റിലും മുണ്ടക്കൈ- ചൂരൽമലയിലുമായി പ്രവർത്തിക്കുന്നത്.

ദുരന്തനിവാരണ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രതിദിന റിപ്പോർട്ടുകൾ സർക്കാറിലേക്ക് ലഭ്യമാക്കുകയും രക്ഷാപ്രവർത്തകർക്ക് ആവശ്യമായ വാഹനങ്ങൾ, ഉപകരണങ്ങൾ, ഇന്ധനം തുടങ്ങിയവ ഉറപ്പാക്കുകയുമാണ് രക്ഷാപ്രവർത്തനങ്ങളുടെ ഏകോപന ടീമിൻ്റെ ചുമതല. ക്യാമ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ ഉറപ്പാക്കൽ, അധികമായി വരുന്ന ക്യാമ്പുകളുടെ സ്ഥലം കണ്ടെത്തൽ, ഭക്ഷണം, ശുചിത്വം, കൗൺസിലിങ്, സന്ദർശകർക്കുള്ള റിസപ്ഷൻ എന്നിവ ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതലയുള്ളവർ ഏകോപിപ്പിക്കുന്നു.

ക്യാമ്പിലെ 'ആരോഗ്യ പ്രശ്‌നമുള്ള  അന്തേവാസികളെ കണ്ടെത്തി  ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നത് ആരോഗ്യ വകുപ്പിൻറെ സംഘമാണ്. ക്യാമ്പുകളിലെ രോഗബാധിതരുടെ പരിചരണവും ഇവർ ഉറപ്പാക്കുന്നു.

ദുരന്തമേഖലയിൽ നിന്ന് ലഭിക്കുന്ന മൃതശരീരങ്ങൾ പോസ്റ്റ്‌മോർട്ടം കേന്ദ്രങ്ങളിൽ എത്തിച്ചെന്ന് ഉറപ്പാക്കൽ, പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ശേഷം മൃതദേഹങ്ങൾ സൂക്ഷിപ്പു കേന്ദ്രങ്ങളിലെത്തിയെന്ന് ഉറപ്പാക്കൽ, മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തൽ, ബന്ധുക്കൾക്ക് വിട്ടു നൽകൽ,  തിരിച്ചറിയാത്തതും അവകാശികളില്ലാത്തതുമായ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കൽ എന്നിവയാണ്  മൃതശരീരങ്ങളുടെ സൂക്ഷിപ്പ്- കൈമാറ്റം- സംസ്‌കരണം നിർവഹിക്കുന്ന ടീമംഗങ്ങൾ ചെയ്യുന്നത്.

ദുരിതാശ്വാസ പ്രവർത്തകർക്ക് ആവശ്യമായ സാങ്കേതിക സഹായമൊരുക്കുകയാണ് ടെക്‌നിക്കൽ ടീം. ദുരന്തത്തിൽ കാണാതായവരുടെ എണ്ണം ശാസ്ത്രീയമായി അപഗ്രഥിച്ച നിർണയിക്കുകയാണ് കാണാതായവരുടെ വിവരശേഖരണ വിഭാഗം. ദുരന്തമേഖലയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളുടെ വിവര കൈമാറ്റം, അതിഥി തൊഴിലാളികളുടെ സുരക്ഷ-ക്ഷേമം,തൊഴിലാളി വിവരങ്ങൾ ബന്ധുക്കൾക്ക് യഥാസമയം ലഭ്യമാക്കുകയാണ് അതിഥി തൊഴിലാളി പരിപാലനത്തിലൂടെ.

മരിച്ചവരുടെ എണ്ണം, പോസ്റ്റ്‌മോർട്ടം നടത്തിയവരുടെ വിവരങ്ങൾ, ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്, തിരിച്ചറിയാത്തവരുടെ എണ്ണം, ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ വിവരങ്ങൾ എന്നിവ ക്രോഡീകരിക്കുന്നത്  ഡാറ്റ മാനേജ്‌മെൻ്റ് വിഭാഗമാണ്. ടെലിഫോൺ കോളുകൾ രേഖപ്പെടുത്തി മറുപടി നൽകുകയാണ് കോൾ സെന്റർ മാനേജ്‌മെന്റ് വിഭാഗം.

ദുരിതാശ്വാസ ക്യാമ്പുകൾ, രക്ഷാപ്രവർത്തകർ, ഉദ്യോഗസ്ഥർ, ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ, ക്യാമ്പുകളുടെ ചാർജ് ഓഫീസർമാർ, ആരോഗ്യവകുപ്പ്, മറ്റ് ടീമുകൾ എന്നിവയ്ക്ക് ആവശ്യാനുസരണം ദുരിതാശ്വാസ സാമഗ്രികളുടെ വിതരണവും സംഭരണവും ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ- വിതരണ വിഭാഗം ഉറപ്പാക്കുന്നു.. ദുരിതബാധിതർക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകി പോസ്റ്റ് ട്രോമാറ്റിക് ഡിസാസ്റ്റർ സിൻഡ്രാമില്ലെന്നും ഉറപ്പാക്കുന്നതിന് കൗൺസിലിങ് ടീമുകൾ കർമനിരതമാണ്.

രക്ഷാപ്രവർത്തനങ്ങൾ, ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം എന്നിവക്ക് ആവശ്യമായ വാഹനങ്ങൾ ഉറപ്പാക്കുകയാണ് വെഹിക്കിൾ മാനേജ്‌മെന്റ്. ദുരന്തമേഖലയിലും ക്യാമ്പുകളിലും കണ്ടെത്തുന്ന മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് മാലിന്യസംസ്‌കരണ വിഭാഗം നടപടി സ്വീകരിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top