23 November Saturday

'ഒരുമ'ണ്ണില്‍: 135 മൃതദേഹം കൈമാറി, കണ്ടെത്താനുള്ളത് 180 പേരെ

അജ്‌നാസ്‌ അഹമ്മദ്‌Updated: Sunday Aug 4, 2024

ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പുത്തുമല ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ പ്രത്യേക പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കാനായി എത്തിച്ചപ്പോൾ ഡ്രോൺ ദൃശ്യം പകർത്തിയത്‌: രാജിത് വെള്ളമുണ്ട

പുത്തുമല> ആരെന്നെറിയില്ലെങ്കിലും ഇനിയൊരിക്കലും കാണില്ലെന്ന്‌ ഉറപ്പുള്ള പ്രിയപ്പെട്ടവർക്കുവേണ്ടി ചൂരൽമലക്കാർ കണ്ണീരോടെ കാവൽനിന്നു. കേരളമൊന്നാകെ ഏറ്റെടുത്ത തങ്ങളുടെ വേദനയിൽ അവർ കരുത്തരായി. മുണ്ടക്കൈ ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾക്കായി സർക്കാർ പുത്തുമലയിൽ  ഒരുക്കിയ കുഴിമാടങ്ങളിലേക്ക്‌  പ്രിയപ്പെട്ടവരെ ഓരോരുത്തരെയായി അവർ യാത്രയാക്കി. വൻജനാവലി സാക്ഷി. മനുഷ്യരായിമാത്രം അവർ മടങ്ങുമ്പോൾ സർവമത പ്രാർഥനകളോടെ നാട്‌ അരികിൽനിന്നു. എല്ലാ പ്രാർഥനകളും ഒന്നായി. മരണത്തിലും മാനവസ്‌നേഹത്തിന്റെയും ഒരുമയുടെയും ഉദാത്തമാതൃക. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും സ്‌നേഹിച്ചുതീരാത്ത ജനത മണ്ണിനടിയിലും ഒരുമിച്ചുകിടക്കും.

മണ്ണോടുചേരുന്നവരിൽ പ്രിയപ്പെട്ടവരും ഉണ്ടായേക്കാമെന്ന വിശ്വാസത്തിൽ, കാണാതായവരുടെ ബന്ധുക്കളെല്ലാം അന്ത്യയാത്രയ്‌ക്ക്‌ സാക്ഷികളായി. ചുറ്റിലും പടർന്ന സ്‌നേഹത്തിൽ അവർ ഉറ്റവരായി. അഞ്ചാണ്ട്‌ മുമ്പ്‌ പുത്തുമലക്കൊപ്പം നിലവിളിച്ചവരാണിവർ. മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ  ഉരുൾ ഇവരുടെ അവസാനത്തെ കരച്ചിലും കൊണ്ടുപോയി. കണ്ണീരുപ്പുറഞ്ഞ മണ്ണിൽ ചവിട്ടി മുണ്ടക്കെെയിലും ചൂരൽമലയിലും അവശേഷിക്കുന്നവർ പുതുജീവിതങ്ങളിലേക്ക്‌ തിരികെ നടക്കുന്നതിങ്ങനെയാണ്‌.

എട്ട്‌ മൃതദേഹങ്ങളാണ്‌ പുത്തുമലയിൽ ഉരുളൊഴുകിയ വഴിക്കരികെ ഞായർ രാത്രിയോടെ സംസ്‌കരിച്ചത്‌. മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്‌, ഒ ആർ കേളു, എ കെ ശശീന്ദ്രൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.  ഹാരിസൺസ്‌ പ്ലാന്റേഷൻസ്‌ ലിമിറ്റഡ്‌ സർക്കാരിന്‌ വിട്ടുനൽകിയ 64 സെന്റ്‌ ഇനി ദുരന്തത്തിൽ തിരിച്ചറിയപ്പെടാതെ പോയവരുടെ മേൽവിലാസം.  വരുംദിവസങ്ങളിലും  കുഴിമാടമൊരുക്കും.  
തിരിച്ചറിയാത്തവരെ തദ്ദേശസ്ഥാപനങ്ങളുടെ പൊതുശ്‌മശാനങ്ങളിൽ സംസ്‌കരിക്കാനായിരുന്നു ആദ്യ തീരുമാനം. തടസ്സം നേരിട്ടതോടെ സർക്കാർ ബദൽ മാർഗത്തിലൂടെ ഹാരിസന്റെ ഭൂമി കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top