22 November Friday

വയനാട് ദുരന്തം: താത്ക്കാലിക പുനരധിവാസത്തിനായി 91 സർക്കാർ ക്വാട്ടേഴ്സുകൾ ലഭ്യമാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


തിരുവനന്തപുരം> വയനാട് ദുരന്തത്തിപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാട്ടേഴ്സുകൾ ഉൾപ്പെടെ 91 സർക്കാർ ക്വാർട്ടേഴ്‌സുകൾ ലഭ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

അടിയന്തര പുനരധിവാസത്തിന് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. ആദ്യഘട്ടത്തിൽ പൊതുമരാമത്തിന്റെ 27 ക്വാർട്ടേഴ്സുകളാണ് ഇതിനായി വിട്ടുനൽകുന്നത്. മൂന്ന് കിടപ്പുമുറികൾ, വലിയ ഭക്ഷണ ഹാൾ, അടുക്കള, സ്റ്റോർ റൂം, വർക്ക് ഏരിയ എന്നവ ഉൾപ്പെട്ടതാണ് ക്വാർട്ടേഴ്സുകൾ. ഒരു ക്വാർട്ടേഴ്‌സിൽ മൂന്ന് കുടുംബങ്ങളിൽ നിന്നുള്ള പതിനഞ്ചോളം പേർക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പുനരധിവാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധികളിൽ ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ, ഫ്‌ളാറ്റുകൾ, ഹോസ്റ്റലുകൾ തുടങ്ങിയവയുടെ പട്ടിക അടിയന്തരമായി നൽകാൻ തദ്ദേശസ്ഥാപന മേധാവികൾക്ക് കർശന നിർദേശം നൽകിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പുനരധിവാസത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഉദ്യോഗസ്ഥർ നിർവഹിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

പുനരധിവാസത്തിനായി വിട്ടുനൽകുന്ന കൽപ്പറ്റയിലെ പൊതുമരാമത്ത് ക്വാട്ടേഴ്സുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാർ. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ഹരീഷ് കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ മനീഷ, ഓവർസിയർ സുബിൻ എന്നിവരും മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top