23 November Saturday

വയനാട് ദുരന്തം: ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ ലഭിക്കും; നടപടിക്രമങ്ങളിൽ ഇളവ് വരുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

തിരുവനന്തപുരം > മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ 231 പേർ മരണപ്പടുകയും 128 പേരെ  കാണാതാവുകയും ചെയ്ത സാഹചര്യത്തിൽ ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് അർഹമായ ആനുകൂല്യം കാല താമസം കൂടാതെ ലഭിക്കുന്നതിന് നടപടിക്രമങ്ങളിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ഉരുൾപ്പൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് അർഹമായ എക്‌സ്‌ഗ്രേഷ്യ  ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനാണിത്. കോവിഡ് ദുരന്തത്തിലെ ആശ്രിതർക്ക് നൽകിയതിന് സമാനമായി അടുത്ത ബന്ധുവിനെ അനന്തരാവകാശിയായി കണക്കാക്കി ആനുകൂല്യം നൽകുന്നതിന് ദുരന്തനിവാരണ ആക്ടിലെ 19-ാം വകുപ്പ് അനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരം ഉപയോഗിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.  

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ ബുധനാഴ്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. നിലമ്പൂർ വയനാട് മേഖലകളിൽ പതിവ് പോലെ തെരച്ചിൽ ഊർജ്ജിതമായിരുന്നു. എൻഡിആർഎഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും തെരച്ചിലിൽ വ്യാപൃതരായിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ 231 മൃതദേഹങ്ങളും 210 ശരീരഭാഗങ്ങളുമാണ് ഇതിനകം കണ്ടെത്തിയത്.

മുണ്ടക്കൈ ചൂരൽമല ദുരന്ത പ്രദേശങ്ങളിൽ 26 ടീമുകളിലായി 191 സന്നദ്ധ പ്രവർത്തകരാണ് ബുധനാഴ്ച സേനാവിഭാഗങ്ങൾക്കൊപ്പം തെരച്ചിലിൽ അണിനിരന്നത്. ചൂരൽമല പാലത്തിന് താഴെ ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങൾ കേന്ദ്രീകരിച്ചും നിരന്തര പരിശോധന നടത്തിയിരുന്നു.

മലപ്പുറം ജില്ലയിൽ ചാലിയാറിൽ വിശദമായ തെരച്ചിൽ ബുധനാഴ്ചയും തുടർന്നു. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്റർ ദൈർഘ്യത്തിലാണ് പരിശോധനകൾ നടന്നത്. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പോലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമാണ് ഇവിടെ തെരച്ചിലിന് നേതൃത്വം നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top