മേപ്പാടി > വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ പ്രദേശത്തുണ്ടായത് കനത്ത നാശനഷ്ടങ്ങൾ. നിരവധി വീടുകളും കടകളും പൂർണമായി തകർന്നു. പ്രദേശമാകെ മണ്ണും ചെളിയും നിറഞ്ഞിരിക്കുകയാണ്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ഇതുവരെ 5 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം. മരണസംഖ്യയെപ്പറ്റി സ്ഥിരീകരിക്കാത്ത കണക്കുകളും പുറത്തുവരുന്നുണ്ട്. കുനിപ്പാല പ്രദേശത്ത് പുഴയോരത്ത് ഒരു കുട്ടിയുടെ മൃതദേഹം ഒഴുകിവന്നതായും വിവരമുണ്ട്. ഉരുൾപൊട്ടലിൽ സംഭവിച്ചതാണെന്നാണ് നിഗമനം.
അപകടത്തിൽ 16ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേരെ പ്രദേശത്ത് നിന്ന് രക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
കനത്ത നാശനഷ്ടമാണ് ഉരുൾപൊട്ടലിനെത്തുടർന്ന് ചൂരൽമല- മുണ്ടക്കൈ ഭാഗത്തുണ്ടായത്. നിരവധി പേർ വീടുകളിൽ ഒറ്റപ്പെട്ട് കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനത്തിന് സേനയുടെ സഹായം തേടിയിട്ടുണ്ട്. ഹെലികോപ്റ്റർ എത്തിച്ച് എയർ ലിഫ്റ്റിങ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എൻഡിആർഎഫ് സംഘവും തൃശൂർ മുതൽ വടക്കോട്ടുള്ള അഗ്നി രക്ഷാ സേനയും പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..