22 December Sunday

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ ? പാക്കേജ്‌ പ്രഖ്യാപന പ്രതീക്ഷയിൽ വയനാട്‌

സ്വന്തം ലേഖകൻUpdated: Saturday Aug 10, 2024

ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടത്ത്‌ വെള്ളിയാഴ്‌ച നടന്ന ജനകീയ തിരച്ചിൽ ഫോട്ടോ: എം എ ശിവപ്രസാദ്

പേരെടുത്ത് വിളിക്കാനാവാത്ത തീരാവേദനകളുടെ ഒരു തുരുത്താണ് ഇന്ന് വയനാട്. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ ഒഴുകിയൊലിച്ചുപോയ  
ചൂരൽമലയും മുണ്ടക്കൈയും അവിടുത്തെ സാധാരണ മനുഷ്യരും ഏറെ പരിഗണന അർഹിക്കുന്നവരാണ്. ദുരന്തത്തിനിരയായത് മുതൽ കേരള സർക്കാർ വയനാടിനൊപ്പമുണ്ട്. അതേ പരിഗണന കേന്ദ്രസർക്കാരിൽനിന്ന് ഈ നാട് പ്രതീക്ഷിക്കുന്നു.  
പ്രിയപ്പെട്ടവർ നഷ്‌ടപ്പെട്ടവരുടെയും ആയുസ്സിന്റെ സമ്പാദ്യമാകെ 
ഒലിച്ചുപോയവരുടെയും കണ്ണീരൊപ്പാൻ സഹായപാക്കേജ് കൂടിയേ തീരൂ. 
അവരത് അർഹിക്കുന്നു...


കൽപ്പറ്റ
വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത മേഖലകൾ സന്ദർശിക്കുന്നതിന്‌ ശനിയാഴ്‌ച പ്രധാനമന്ത്രി എത്തുമ്പോൾ പ്രതീക്ഷയോടെയാണ്‌ കേരളം കാത്തിരിക്കുന്നത്‌. മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്നതാണ്‌ കേരളത്തിന്റെ ആവശ്യം. മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും കേന്ദ്രത്തോട്‌ ഇക്കാര്യം ആവർത്തിച്ച്‌ ആവശ്യപ്പെട്ടു. അതേസമയം, പ്രധാനമന്ത്രി ശനിയാഴ്‌ച വയനാട്ടിൽ സമഗ്ര സഹായ പാക്കേജ്‌ പ്രഖ്യാപിക്കുമെന്നാണ്‌ വിലയിരുത്തൽ.

സംസ്ഥാനം ഇതുവരെ കാണാത്ത ദുരന്തമാണ്‌ വയനാട്ടിലുണ്ടായത്‌. 230 മൃതദേഹവും 196 ശശീരഭാഗവും കണ്ടെത്തിയതായാണ്‌ ഔദ്യോഗിക കണക്ക്‌. ദുരന്തതീവ്രത പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച സമിതി വെള്ളിയാഴ്‌ച ജില്ലയിലെത്തി. ഒമ്പതംഗ സമിതി മന്ത്രിമാർ, ജില്ലാധികൃതർ, തദ്ദേശ ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി.

സമഗ്ര പുനരധിവാസ പാക്കേജ്‌ വേണമെന്ന ആവശ്യം മന്ത്രിമാർ  ഉന്നയിച്ചു. ദുരന്തത്തിന്റെ വ്യാപ്‌തി വിശദീകരിച്ചു. മരണം, വീടുകളുടെയും കെട്ടിടങ്ങളുടെയും തകർച്ച, ‌നശിച്ച കൃഷി, ഭൂമിയുടെ അവസ്ഥ, വിദ്യാർഥികളുടെ പഠനം, റോഡുകളുടെ തകർച്ച എന്നിവയെല്ലാം അവതരിപ്പിച്ചു. ദുരന്തബാധിത മേഖലകളും സന്ദർശിച്ച സമിതി വെള്ളി വൈകിട്ടോടെ കേന്ദ്രസർക്കാരിന്‌ റിപ്പോർട്ട്‌ കൈമാറിയതായാണ്‌ വിവരം. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയും വിവരങ്ങൾ എടുത്തിരുന്നു.
കഴിഞ്ഞ കേന്ദ്രബജറ്റിൽ  അസം, ബിഹാർ, ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക പ്രളയസഹായം  പ്രഖ്യാപിച്ചിരുന്നു. കേരളം സമർപ്പിച്ച 2400 കോടി രൂപയുടെ പാക്കേജ്‌ പരിഗണിച്ചതുമില്ല. ഇപ്പോഴത്തെ സാഹചര്യം കൂടി കണക്കിലെടുത്ത്‌ പാക്കേജ്‌ അനുവദിക്കണമെന്നതാണ്‌ ആവശ്യം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ സഹായവും ടൗൺഷിപ്പ്‌ ഉൾപ്പെടെയുള്ള പുനരധിവാസവുമാണ്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇതിനാണ്‌ കേന്ദ്രസഹായം ആവശ്യപ്പെടുന്നത്‌. ഉരുൾപൊട്ടൽ അംഗീകൃത ദേശീയ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്‌. 

കഴിഞ്ഞ സാമ്പത്തിക വർഷം 277.60 കോടി രൂപമാത്രമാണ്‌ സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക്‌ കേന്ദ്രവിഹിതമായി വകയിരുത്തിയത്‌. 2022ൽ 264 കോടിയും 2021ൽ 251 കോടിയുമായിരുന്നു വിഹിതം. കോവിഡ്‌ വ്യാപനത്തിൽ ഉൾപ്പെടെ നാമമാത്ര വിഹിതമാണ്‌ ലഭിച്ചത്‌.
 

രക്ഷാദൗത്യത്തില്‍ 
500 ആംബുലന്‍സ്‌
ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാദൗത്യവുമായി സൈറൺ മുഴക്കി കുതിച്ചത്‌ അഞ്ഞൂറിലേറെ ആംബുലൻസുകൾ. ദുരന്തവിവരം പുറത്തുവന്നതുമുതൽ വിശ്രമമില്ലാതെ ഓട്ടത്തിലാണവ. ദുരന്തഭൂമിയിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി മാറ്റാനും പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും ദുർഘട പാതകളിലൂടെ കുതിച്ചുപാഞ്ഞു.

വിവിധ സർക്കാർ ആശുപത്രികളിൽനിന്ന്‌ –- 50, മോട്ടോർ വാഹനവകുപ്പ്  സ്വകാര്യ ആശുപത്രികളിൽനിന്നും ഏജൻസികളിൽനിന്നുമായി എടുത്തത്‌ –- 237, സന്നദ്ധ സംഘടനകളുടെ –- 200, അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസ്‌ 36 , കണ്ണൂർ, പാലക്കാട് ജില്ലകളിൽനിന്ന്‌ 11 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസ്‌, തൃശൂരിൽനിന്ന് 10 ഫ്രീസർ ആംബുലൻസ്‌ എന്നിവയാണ്‌ സേവനത്തിനെത്തിയത്‌. ആർടിഒ ഇ മോഹൻദാസ്, എൻഫോഴ്‌സ്‌മെന്റ് ആർടിഒ കെ ആർ സുരേഷ്, ഡെപ്യൂട്ടി ഡിഎംഒ ആൻസി മേരി ജേക്കബ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഇൻചാർജ് ഡോ. ജെറിൻ എസ് ജെറോൾഡ്, ഫോർമാൻ രാകേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഏകോപനം.

ആദ്യദിനം നൽകിയത് 636 രേഖകള്‍
ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ട ചൂരൽമലയിലെ പൂങ്കാട്ടിൽ മുനീറയ്ക്ക് പുതിയ ആധാർ കാർഡ് ലഭ്യമായി. ഉരുൾപൊട്ടലിൽ വിവിധ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് പകരം രേഖകൾ നൽകാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരുക്കിയ സർട്ടിഫിക്കറ്റ് ക്യാമ്പയിനിലാണ്‌ പുതിയ ആധാർ ലഭിച്ചത്‌.  ആദ്യദിനത്തിൽ 265 പേർക്കായി 636 അവശ്യസേവന രേഖകൾ വിതരണം ചെയ്തു. കലക്ടറേറ്റിന്റെയും ഐടി മിഷന്റെയും നേതൃത്വത്തിലാണ് 12 ദുരിതാശ്വാസ ക്യാമ്പുകളിലായി ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പയിൻ ശനിയും തുടരും.  റേഷൻ, ആധാർ കാർഡുകൾ, ബാങ്ക് പാസ് ബുക്ക്, വോട്ടർ ഐഡി, പാൻ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, മോട്ടോർ വാഹന ഇൻഷുറൻസ്, ഡ്രൈവിങ്‌ ലൈസൻസ്, ഇ- ഡിസ്ട്രിക്ട് സർട്ടിഫിക്കറ്റ്, ജനന–-മരണ–-വിവാഹ സർട്ടിഫിക്കറ്റുകൾ, പെൻഷൻ മസ്റ്ററിങ് തുടങ്ങി പതിനഞ്ചോളം പ്രാഥമിക രേഖകളാണ് ഒന്നാംഘട്ടത്തിൽ വിതരണം ചെയ്യുന്നത്. 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ദൗത്യത്തിന്‌ സമാനമാണ്‌ ക്യാമ്പയിൻ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top