23 December Monday
വയനാടിന്‌ സഹായം ; മുഖ്യമന്ത്രി ഇന്ന്‌ 
പ്രധാനമന്ത്രിയെ 
കാണും

വയനാട് ടൂറിസം പുനരുജ്ജീവനത്തിന്‌ സെപ്‌തംബറിൽ പ്രത്യേക ക്യാമ്പയിന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


കോഴിക്കോട്‌
വയനാട് ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന്‌ സെപ്‌തംബറിൽ പ്രത്യേക മാസ്‌ ക്യാമ്പയിൻ ആരംഭിക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ടൂറിസം വ്യവസായം പഴയ നിലയിലാക്കാൻ സർക്കാർ പൂർണ പിന്തുണ നൽകും. വയനാട്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിയിരുന്ന, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേക പ്രചാരണം നടത്തും.

പ്രകൃതിദുരന്തത്തെ തുടർന്ന്‌ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ചേർന്ന വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

2021ൽ ഇതുപോലെ പ്രചാരണം നടത്തിയതിന്റെ ഫലമായി ബംഗളൂരുവിന്റെ വാരാന്ത്യ ടൂറിസം കേന്ദ്രമായി വയനാട് മാറിയിരുന്നു. ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടായ സമയത്താണ് ദുരന്തം സംഭവിക്കുന്നത്.  അത്‌ വലിയ തോതിൽ ബാധിച്ചെന്ന്‌ മന്ത്രി പറഞ്ഞു.

ടൂറിസം അഡീഷണൽ ഡയറക്ടര്‍ പി വിഷ്ണുരാജ്, ജോയിന്റ്‌ ഡയറക്ടര്‍ എസ് സത്യജിത്ത്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വയനാട് ടൂറിസം ഓർഗനൈസേഷൻ, ഹാറ്റ്‌സ്, ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, വയനാട് ടൂറിസം അസോസിയേഷൻ, ഓൾ കേരള ടൂറിസം അസോസിയേഷൻ, നോർത്ത് വയനാട് ടൂറിസം അസോസിയേഷൻ, കാരാപ്പുഴ അഡ്വഞ്ചർ ടൂറിസം അസോസിയേഷൻ, ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ, മലബാർ ടൂറിസം അസോസിയേഷൻ, മലബാർ ടൂറിസം കൗൺസിൽ, ഡെസ്റ്റിനേഷൻ കോഴിക്കോട്, ഫാം ടൂറിസം, കെടിഎം, സർഗാലയ, മലബാർ ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ തുടങ്ങിയവർ പങ്കെടുത്തു.

വയനാടിന്‌ സഹായം ; മുഖ്യമന്ത്രി ഇന്ന്‌ 
പ്രധാനമന്ത്രിയെ 
കാണും
ഉരുൾപൊട്ടലിൽ തകർന്ന വയനാട്‌ മുണ്ടക്കൈയെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസഹായം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കും. രാവിലെ പത്തരയോടെയാണ്‌ കൂടിക്കാഴ്‌ച. സംസ്ഥാന സർക്കാർ നേരത്തെതന്നെ വിശദമായ നിവേദനം കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു.

ദുരന്തബാധിത മേഖലകളിൽ ആഗസ്‌ത്‌ 10ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയിരുന്നു. ആശുപത്രിയിലും ക്യാമ്പിലും എത്തി ദുരിതബാധിതരിൽ ചിലരെ കണ്ട അദ്ദേഹം കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലും പങ്കെടുത്തു. ഈ യോഗത്തിൽ തന്നെ വയനാടിനുള്ള കേന്ദ്രസഹായം പ്രഖ്യാപിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ എല്ലാ സഹായവും ഉറപ്പുനൽകിയ അദ്ദേഹം വിശദ നിവേദനം സമർപ്പിക്കാൻ നിർദേശിച്ചാണ്‌ മടങ്ങിയത്‌. സംസ്ഥാന സർക്കാർ 18നുതന്നെ ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനം സമർപ്പിച്ചു.  

ജൂലൈ 29ന്‌ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ നാലു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ വാസയോഗ്യമല്ലാതായി. ദുരന്തബാധിതരെ താൽകാലികമായി പുനരധിവസിപ്പിച്ചിരിക്കുകയാണ്‌. ഇവർക്കുവേണ്ടി എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പാണ്‌ സർക്കാർ വിഭാവനംചെയ്യുന്നത്‌. രണ്ടായിരം കോടി രൂപ വേണ്ടിവരുമെന്നാണ്‌ കണക്ക്‌. നിലവിൽ കേന്ദ്രസഹായം ലഭിക്കാത്ത സാഹചര്യത്തിൽ ആവശ്യമായ നടപടിയുണ്ടാകണമെന്ന്‌ കേരളം ആഗ്രഹിക്കുന്നു. ഇക്കാര്യം കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top