കൊച്ചി
മുണ്ടക്കൈയിൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ തുറന്ന മനസ്സോടെ കേരളത്തെ സഹായിക്കണമെന്ന് ഹൈക്കോടതി. മാനദണ്ഡങ്ങളുടെപേരിൽ ദുരന്തനിവാരണത്തിന് അധികസഹായം നൽകാതിരിക്കരുതെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻനമ്പ്യാർ, ജസ്റ്റിസ് എസ് ഈശ്വരൻ എന്നിവർ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. സഹായം ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥതയ്‌ക്ക് തയ്യാറാണ്. കൂടുതൽ സഹായം ലഭിക്കാൻ അർഹതയുണ്ടെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തണം. എസ്ഡിആർഎഫിൽ ഇപ്പോഴുള്ള തുകയുടെ വിനിയോഗം വിശദീകരിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 18നകം റിപ്പോർട്ട് നൽകണം കോടതി ആവശ്യപ്പെട്ടു.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 700.5 കോടി രൂപയുണ്ടെങ്കിലും മുണ്ടക്കൈക്ക് മാത്രമായി ഇത് ഉപയോഗിക്കാനാകില്ലെന്നും ഇതിൽ 638.95 കോടി മുൻകാല ദുരന്തനിവാരണ പ്രവർത്തനത്തിന് കൊടുത്തുതീർക്കാനുള്ളതാണെന്നും സംസ്ഥാനം അറിയിച്ചു. വരൾച്ച നേരിടാൻ ബാക്കിയുള്ളത് 61.55 കോടി രൂപ മാത്രമാണ്. എസ്ഡിആർഎഫ് മാനദണ്ഡപ്രകാരം പുനരധിവാസത്തിന് ഭൂമി വാങ്ങാൻ ഫണ്ട് ഉപയോഗിക്കാനാകില്ല. വീട്, റോഡ്, പാലം തുടങ്ങിയ നിർമിക്കാൻ ഉപയോഗിക്കാവുന്ന തുകയും പരിമിതം. മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രത്തോട് നിർദേശിക്കണം. മാനദണ്ഡം പാലിച്ചാൽ ഇനി 77.9 കോടി രൂപയേ അവിടെ ചെലവഴിക്കാനാകൂ. ഇതിൽ ദുരിതാശ്വാസ സഹായമായി 28.95 കോടിയും പുനരധിവാസ പ്രവർത്തനങ്ങൾക്കായി 49.04 കോടിയും നൽകാനാകും.
വയനാടിന് മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്പോൺസർഷിപ്പിലൂടെയടക്കം 682 കോടി രൂപ ലഭിച്ചിട്ടുണ്ട്. ടൗൺഷിപ്പിനടക്കം ഇതിൽനിന്ന് പണം കണ്ടെത്തണം. വീട്ടുവാടക, ആശുപത്രി ചികിത്സ, മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം വീതം നൽകൽ, പരിക്കേറ്റവർക്കുള്ള ധനസഹായം തുടങ്ങിയവയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തുക ഉപയോഗിച്ചു. 153 കോടി രൂപ അധികസഹായം അനുവദിച്ചു എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്നും തുക ലഭിച്ചിട്ടില്ലെന്നും സംസ്ഥാനം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..