19 September Thursday

നാടാകെ ഒത്തൊരുമിച്ചു ; വയനാട്ടിലേക്കൊഴുകിയത്‌ 289 ടൺ അരി

എൻ കെ സുജിലേഷ്‌Updated: Monday Aug 19, 2024

വാടകവീടുകളിലേക്ക് പോകുന്നവർക്ക് നൽകുന്നതിന്‌ മേപ്പാടി സെന്റ് ജോസഫ്‌സ് സ്കൂളിലെ സർക്കാർ കലക്-ഷൻ 
സെന്ററിൽ ഭക്ഷ്യ കിറ്റുകൾ തയ്യാറാക്കുന്നു


കൽപ്പറ്റ
ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിനെ ചേർത്തുപിടിക്കാനായി നാടാകെ ഒത്തൊരുമിച്ചപ്പോൾ ഒഴുകിയെത്തിയത്‌ 289 ടൺ അരി. എല്ലാം നഷ്ടപ്പെട്ട്‌ ക്യാമ്പുകളിൽ കഴിയുന്നവർക്ക്‌ വസ്‌ത്രങ്ങളും ഭക്ഷണസാധനങ്ങളും ഉൾപ്പെടെയുള്ള അവശ്യവസ്‌തുക്കളാണ്‌ വിവിധ ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നുമെത്തിയത്‌.
സാധനങ്ങൾ ഏറ്റുവാങ്ങുന്നത്‌ ജില്ലാ ഭരണസംവിധാനം താൽക്കാലികമായി നിർത്തുന്നതുവരെ 2,89,118 കിലോ അരിയാണ്‌ എത്തിയത്‌. നിലവിൽ 142 ടൺ സ്‌റ്റോക്കുണ്ട്‌.

കൽപ്പറ്റ സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂളിലെ കലക്‌ഷൻ സെന്ററിലാണ്‌ സാധനങ്ങൾ സ്വീകരിച്ചിരുന്നത്‌. ഇവിടെ ഇആർപി സോഫ്‌റ്റ്‌വെയറിൽ എൻട്രിചെയ്‌തശേഷമേ സാധനങ്ങൾ ആവശ്യമുള്ളവർക്ക്‌ കൈമാറൂ. അരിയടക്കമുള്ള ഭക്ഷ്യസാധനങ്ങൾ ക്യാമ്പുകളിലേക്കും തിരച്ചിലിനും മറ്റുമായി സേവനമനുഷ്‌ഠിക്കുന്ന സേനാവിഭാഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും ഭക്ഷണമൊരുക്കുന്ന മേപ്പാടി പോളിടെക്‌നിക്കിലെ സമൂഹ അടുക്കളയിലേക്കും നൽകുന്നത്‌ ഇവിടെനിന്നാണ്‌.  താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി കണ്ടെത്തിയ വീടുകളിലേക്ക്‌ മടങ്ങുന്നവർക്കും ഭക്ഷ്യ കിറ്റും വീടുകളിലേക്ക്‌ ആവശ്യമായ സാധനങ്ങളും നൽകുന്നുണ്ട്‌. ഇതിനായി അഞ്ച്‌ കിലോ അരിയും 23 ഇനം സാധനങ്ങളുമടങ്ങിയ 4550 ഭക്ഷ്യ കിറ്റും തയ്യാറാക്കിയിട്ടുണ്ട്‌. 5172 കിലോ ബിരിയാണി അരിയും സ്‌റ്റോക്കുണ്ട്‌.

2,46,638 പാക്കറ്റ്‌ ബിസ്‌കറ്റുകളാണ്‌  എത്തിയത്‌. 11,883 തേങ്ങയും 22,118 കിലോ ആട്ടയും 28,574 കിലോ പഞ്ചസാരയും 9876 കിലോ ചായപ്പൊടിയുമെത്തി. കടല (10,380 കിലോ), പരിപ്പ്‌(8689), ചെറുപയർ(4732), മുളകുപൊടി(4255), മല്ലിപ്പൊടി(3633), കറിമസാല (3365), സാമ്പാർ പൊടി (4321), മഞ്ഞൾപ്പൊടി (3226), അരിപ്പൊടി (3929) എന്നിങ്ങനെയും സാധനങ്ങളെത്തി.

15,788 ബെഡ്‌ ഷീറ്റുകളും 16,508 ബ്ലാങ്കറ്റുകളും 6702 പായയും 55 തൊട്ടിലുമടക്കം 474 സാധനങ്ങളാണ്‌ ദുരന്തം നടന്ന്‌ ദിവസങ്ങൾക്കുള്ളിൽ വയനാട്ടിലേക്ക്‌ എത്തിയത്‌. സ്‌കൂൾ ബാഗ്‌ (1035), നോട്ട്‌ബുക്ക്‌(9261) പെൻസിൽ ബോക്‌സ്‌ (3152), പെൻ (2036),  സോപ്പ്‌ (69,905), ടൂത്ത്‌ ബ്രഷ്‌ (51,055), പേസ്‌റ്റ് ‌(80,683), ചെരുപ്പ്‌ (16,049), ഗ്യാസ്‌ സ്‌റ്റൗ (267), സ്‌റ്റീൽ പ്ലേറ്റ്‌ (7355) എന്നീ സാധനങ്ങളുമെത്തി.

കട്ടിൽ, അലമാര, മേശ, മിക്‌സി, കസേര, പാത്രങ്ങൾ, ഗ്യാസ്‌ സ്‌റ്റൗ, മാറ്റുകൾ, ഡിറ്റർജന്റ്‌, ക്ലീനിങ്‌ ലിക്വിഡ്‌, എമർജൻസി ലൈറ്റ്‌, ബൾബ്‌ തുടങ്ങിയ വീടുകളിലേക്കുള്ള സാധനങ്ങളാണ്‌ ഇനി ആവശ്യമുള്ളത്‌.

വിദഗ്‌ധസമിതി റിപ്പോർട്ട്‌ ഉടൻ
വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട്‌ തയ്യാറാക്കൽ അവസാനഘട്ടത്തിൽ. വിവിധ വിഭാഗത്തിലുള്ളവരുമായി ചർച്ചചെയ്‌താണ്‌ സമഗ്ര റിപ്പോർട്ട്‌ തയ്യാറാക്കുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിലാകും പുനരധിവാസം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. ദുരന്തത്തിന്റെ വ്യാപ്‌തി, പുനരധിവാസം തുടങ്ങി വിവിധ മേഖലകളായി തിരിച്ചാകും റിപ്പോർട്ട്‌. ദുരന്തനിവാരണ നിയമപ്രകാരമാണ്‌ ഇരകൾക്ക്‌ നഷ്ടപരിഹാരം നൽകുന്നത്‌.

പുനരധിവാസത്തിന്‌ ടൗൺഷിപ്പ്‌ ഒരുക്കുമെന്ന്‌ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിവിധ പ്രദേശങ്ങൾ ഇതിനായി പരിഗണിക്കുന്നുണ്ട്‌. പരിസ്ഥിതി പഠനം നടത്തിയശേഷം വിദഗ്‌ധ സമിതിയാകും ഇതിൽ ഏത്‌ പ്രദേശം തെരഞ്ഞെടുക്കണമെന്ന്‌ തീരുമാനിക്കുക. ദുരന്തബാധിതർക്ക്‌ ഉപജീവനം ഉറപ്പാക്കാനുള്ള നടപടികളും റിപ്പോർട്ടിന്റെ ഭാഗമായുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top