22 November Friday
794 കുടുംബങ്ങളെ താൽക്കാലികമായി 
പുനരധിവസിപ്പിച്ചത്‌ 28 ദിവസംകൊണ്ട്

ഒരു പരാതിയുമില്ലാതെ പുനരധിവാസം ; അതിജീവനത്തിന്റെ മഹാമാതൃക

സ്വന്തം ലേഖകന്‍Updated: Wednesday Sep 18, 2024


കൽപ്പറ്റ
ഉരുൾപൊട്ടലിനുശേഷം സംസ്ഥാനം നടത്തിയത് അതിജീവനത്തിന്റെ മഹാമാതൃക. രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും ഒരു പരാതിപോലുമില്ലാതെ സർക്കാരിന്റെ ഏകോപനം. . ദുരിതാശ്വാസ ക്യാമ്പിലെ 794 കുടുംബങ്ങളെ 28 ദിവസംകൊണ്ട് താൽക്കാലികമായി പുനരധിവസിപ്പിച്ചു.

ഉരുളിൽ തകർന്ന മുണ്ടക്കൈ ഗവ. എൽപിയും വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും മേപ്പാടിയിൽ താൽക്കാലികമായി തുറന്നു. ദുരന്തമേഖലയിലെ 607 വിദ്യാർഥികൾ പഠനം പുനരാരംഭിച്ചു. ദുരന്തത്തിന്റെ 50–ാംദിനമായ ചൊവ്വാഴ്ച ചൂരൽമലയിലെ തേയിലത്തോട്ടത്തിൽ തൊഴിൽ പുനരാരംഭിച്ചു. ഇതുവരെ പതിനൊന്ന് കോടിയോളം രൂപ സഹായമായി നൽകി.  ജൂലൈ 29ന്‌ അർധരാത്രിയാണ്‌ ഉരുൾപൊട്ടി മുണ്ടക്കൈയും ചൂരൽമലയും ഒഴുകിപ്പോയത്‌. നാല്‌ മന്ത്രിമാരടങ്ങുന്ന ഉപസമിതി പ്രവർത്തനം ഏകോപിപ്പിച്ചു. 231 മൃതദേഹവും 221 ശരീരഭാഗവും കണ്ടെത്തി. 60 പേരാണ്‌ കാണാതായവരുടെ പട്ടികയിലുള്ളത്. 120 പേരാണ് ആദ്യപട്ടികയിലുണ്ടായത്. ഡിഎൻഎ പരിശോധനയിലൂടെ 60 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 

സംസ്കാരത്തിന്‌ അടിയന്തര സഹായം നൽകി.  ജീവനോപാധി നഷ്‌ടപ്പെട്ടവർക്ക്‌ പതിനായിരം വീതവും മരിച്ചവരുടെ ആശ്രിതർക്ക്‌ ആറുലക്ഷവും നൽകി. ഒരു കുടുംബത്തിലെ രണ്ടുപേർക്ക്‌  ദിവസം 300 രൂപ വീതം ഒരുമാസത്തേക്ക് നൽകി. വാടകവീടുകൾ,  സർക്കാർ ക്വാർട്ടേഴ്‌സുകൾ, ബന്ധുവീടുകൾ എന്നിവിടങ്ങളിലേക്കാണ്‌ ദുരിതബാധിതരെ താൽക്കാലികമായി മാറ്റിയത്‌. ഫർണിച്ചർ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും നൽകി. വീടുകൾക്ക്‌ മാസം ആറായിരം രൂപ സർക്കാർ വാടക നൽകുന്നുണ്ട്. നഷ്ടപ്പെട്ട രേഖകൾ പ്രത്യേക അദാലത്തിലൂടെ തിരികെ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top