കൊച്ചി
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസത്തിന് സഹായം നിഷേധിച്ചതിനുപിന്നാലെ, മുൻകാല രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചതിനടക്കം കേരളത്തോട് 132.62 കോടി രൂപ ആവശ്യപ്പെട്ട കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ ശകാരം.
ഒരു വൻ ദുരന്തത്തിന് തൊട്ടുപിന്നാലെ ഹെലികോപ്റ്ററിന് വാടക ആവശ്യപ്പെട്ട കേന്ദ്രനടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. 2016, 2017 വർഷങ്ങളിൽ സംഭവിച്ച ദുരന്തങ്ങളിൽ എയർലിഫ്റ്റിന് ചെലവായ പണം എന്തിനാണ് കേന്ദ്രം ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ആരാഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വിശദീകരണം തേടി. ദുരന്തനിവാരണ ചട്ടങ്ങളിൽ ആവശ്യമായ ഇളവുകൾ നൽകുന്നതിലും അടിയന്തരമായി എത്ര സഹായം കേരളത്തിന് നൽകാൻ കഴിയുമെന്നതിലും മറുപടി നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ഒക്ടോബർ 22നാണ് എയർലിഫ്റ്റിന് ചെലവായ തുക ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രം കത്തയച്ചത്. ഉരുൾപൊട്ടലിനുപിന്നാലെ എങ്ങനെയാണ് ഈ ‘ഓർമപ്പെടുത്തൽ’ ഉണ്ടായതെന്ന് ഡിവിഷൻബെഞ്ച് ചോദിച്ചു. കേന്ദ്രം ഇപ്പോൾ സമർപ്പിച്ച ബില്ലുകളിൽ 13 കോടി രൂപമാത്രമാണ് ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടത്. ബാക്കി തുക എട്ടുവർഷംമുമ്പുള്ള ദുരന്തങ്ങളിലേതാണ്. ആദ്യ ബിൽ 2006ലെ ദുരന്തത്തിന്റേതാണ്. ഇതെല്ലാം ഇപ്പോഴെങ്ങനെയാണ് കടന്നുവന്നത്. ഈ സമയത്താണോ എല്ലാ ബില്ലുകളും ഒരുമിച്ച് നൽകുന്നത്. കുടിശ്ശികയ്‌ക്കായി ഇത്രയും വർഷം കാത്തിരുന്നല്ലോ, അടുത്ത ആറുമാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാൽ പോരായിരുന്നോ–- കോടതി വിമർശിച്ചു.
മുണ്ടക്കൈ ദുരന്തത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അടിയന്തരസഹായം ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. രക്ഷാപ്രവർത്തനം നടത്തിയതിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്)നിന്ന് വകയിരുത്തിയ തുക ഈടാക്കുന്നത് നീട്ടിവയ്‌ക്കുന്നത് പരിഗണിക്കാനും നിർദേശിച്ചു. 132.62 കോടിയിൽ 2021 മെയ് വരെയുള്ള 120 കോടി രൂപ ഈടാക്കുന്നത് നീട്ടിവയ്‌ക്കാനാകുമോയെന്ന് ഹർജി വീണ്ടും പരിഗണിക്കുന്ന ജനുവരി 10ന് അറിയിക്കണമെന്നും നിർദേശിച്ചു.
ഹെലികോപ്‌റ്റർ വാടകത്തുക പുനരധിവാസത്തിന്
ഉപയോഗിക്കാം : സംസ്ഥാനസർക്കാർ
മുൻകാല രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്റർ വാടകയിനത്തിൽ 2021 മെയ് വരെയുള്ള 120 കോടിരൂപ ഒഴിവാക്കിയാൽ അതുകൂടി മുണ്ടക്കൈ പുനരധിവാസത്തിന് പ്രയോജനപ്പെടുത്താമെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പുനരധിവാസത്തിന് അധികസഹായം ആവശ്യമായിരിക്കെയാണ് കേന്ദ്രസർക്കാർ ഹെലികോപ്റ്റർ വാടക ആവശ്യപ്പെടുന്നതെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടി. ദുരന്തനിവാരണപ്രവർത്തനത്തിനായി പലതവണ അധികസഹായം ആവശ്യപ്പെട്ടിട്ടും കേന്ദ്രം സഹായം നൽകിയില്ല. ദുരന്ത പ്രതികരണ ഫണ്ട് (എസ്ഡിആർഎഫ്) വിനിയോഗം സംബന്ധിച്ച കണക്ക് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. 700. 5 കോടിയിൽ നിലവിൽ 61.53 കോടിമാത്രമാണ് വിനിയോഗിക്കാൻ ബാക്കിയുള്ളത്.
കണക്കുകൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തും ഹെലികോപ്റ്റർ വാടക ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം അയച്ച കത്തും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. കണക്ക് സംബന്ധിച്ച കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നടപടിക്രമം പാലിച്ച് ബുധനാഴ്ചതന്നെ വീണ്ടും കത്തയക്കുമെന്ന് സർക്കാർ മറുപടി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..