17 December Tuesday
കർണാടകത്തിന്‌ 
നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി

സിദ്ധരാമയ്യയുടെ കുറ്റപ്പെടുത്തൽ ; കത്തയച്ചത്‌ 9ന്‌ , മറുപടി 
നൽകിയില്ലെന്ന പരാതി 10ന്‌

ഒ വി സുരേഷ്‌Updated: Tuesday Dec 17, 2024


തിരുവനന്തപുരം
മുണ്ടക്കൈയിലെ ദുരന്തബാധിത കുടുംബങ്ങൾക്ക്‌ 100 വീട്‌ നിർമിച്ചുനൽകാമെന്ന്‌ കർണാടകം അറിയിച്ചിട്ടും കേരള സർക്കാർ മറുപടി നൽകിയില്ലെന്ന വാർത്ത സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസുകാർ കെട്ടിച്ചമച്ചത്‌. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരളത്തെ കുറ്റപ്പെടുത്തിയെന്നായിരുന്നു വാർത്ത.  

വയനാട്ടിൽ വീടുവച്ചുനൽകാനുള്ള സന്നദ്ധത കർണാടക മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചത്‌ ആഗസ്ത്‌ മൂന്നിനാണ്‌. അന്നുതന്നെ നന്ദി അറിയിച്ച്‌, സിദ്ധരാമയ്യയെ ടാഗ്‌ചെയ്‌ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ്‌ചെയ്‌തു. അടുത്തദിവസംതന്നെ പുനരധിവാസച്ചുമതലയുള്ള ഐഎഎസ്‌ ഉദ്യോഗസ്ഥ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. 

എന്നാൽ ഡിസംബർ ആറിനാണ്‌ കർണാടക ചീഫ്‌ സെക്രട്ടറി ഡോ. ശാലിനി രജനീഷിന്റെ ഔദ്യോഗിക കത്ത്‌ കേരള ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരന്‌ കിട്ടിയത്‌. കർണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക്‌ കത്തയച്ചത്‌ ഒമ്പതിനും. എന്നാൽ, 24 മണിക്കൂർ തികയുംമുമ്പ്‌ 10ന്‌ കേരളമുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന്‌ കർണാടക മുഖ്യമന്ത്രി പറഞ്ഞതായി വാർത്തവന്നു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും യുഡിഎഫ്‌ നേതാക്കളും വാർത്തയ്‌ക്കുപിന്നാലെ രംഗത്തെത്തി.

കർണാടകത്തിന്‌ 
നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ 100 കുടുംബങ്ങൾക്ക്‌ വീടുവച്ചുനൽകാമെന്ന കർണാടകയുടെ വാഗ്‌ദാനത്തിന്‌ നന്ദി അറിയിച്ച്‌ കേരളം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഡിസിംബർ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ വീടുനിർമിക്കാമെന്ന്‌ അറിയിച്ച്‌ കത്തയച്ചത്‌. ഇതിനുള്ള മറുപടിയിൽ വിശദാംശങ്ങൾ ഉടൻ അറിയിക്കാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ദുരന്തബാധിത കുടുംബങ്ങൾക്ക്‌ ടൗൺഷിപ്പ്‌ നിർമിക്കാനാണ്‌ സർക്കാർ തീരുമാനം. മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സുരക്ഷിതമായ സ്ഥലത്താകും കുടുംബങ്ങളുടെ പുനരധിവാസം. നഷ്ടപ്പെട്ട പഴയ വീടുകളോടുള്ള മാനസികബന്ധം അവർക്കുണ്ടാകുമെന്നതിനാൽ, പരമാവധി അതിനടുത്ത്‌ ടൗൺഷിപ്പ്‌ ഒരുക്കും. ഇതിനായി വൈത്തിരി താലൂക്കിൽ രണ്ട് സ്ഥലം കണ്ടെത്തിയിട്ടുണ്ട്‌. വീടുകളുടെ നിർമാണത്തിന്‌ കർണാടകമുൾപ്പെടെ വാഗ്‌ദാനംചെയ്‌ത എല്ലാവരുടെയും സഹായം ഉറപ്പുവരുത്തും. പദ്ധതിയുടെ ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിക്കാനുമാകും. ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കും. ഡിസംബർ ആറിന്‌ ചീഫ്‌ സെക്രട്ടറി തലത്തിൽ ചർച്ചനടത്തിയതും കത്തിൽ മുഖ്യന്ത്രി ഓർമിപ്പിച്ചു.
 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top