ചൂരൽമല
‘ഓമനിച്ച് വളർത്തിയ മക്കളടക്കം പോയി സാറെ... എല്ലാം നശിച്ചു.. ഇനി എന്ത് സഹായാ ഞങ്ങക്ക് വേണ്ടത്. ഒന്നും വേണ്ട. അതുംകൂടി വെള്ളത്തിൽ പോകാനല്ലേ..... ’–- അലമുറയിട്ട് കരയുന്ന ജ്യോതിമണിക്ക് മുമ്പിൽ ദുരിതാശ്വാസ ക്യാമ്പിലെ വളന്റിയർ നിസ്സഹായരായി.
മകൻ പ്രശോഭടക്കം എട്ട് കുടുംബാംഗങ്ങളെ ജ്യോതിമണിക്ക് നഷ്ടമായി. കരച്ചിലടക്കാനാകാതെ വീർപ്പുമുട്ടിയപ്പോൾ പ്രശോഭിന്റെ സുഹൃത്തും മുണ്ടക്കൈ സ്കൂളിലെ മുൻ അധ്യാപകനുമായ നിജിൽ ആ അമ്മയെ ചേർത്തുപിടിച്ചു. ‘എന്റെ കൺമുന്നീന്ന് അവര് പോകുന്നില്ല സാറെ... നിങ്ങടെയൊക്കെ കൈപിടിച്ചുനിൽക്കുന്നത് കണ്ണിൽനിന്ന് പോകുന്നില്ല.. എനിക്ക് സഹിക്കാനാകുന്നില്ലേ....’ നിജിലിന്റെ കരംപിടിച്ച് തൊണ്ടപൊട്ടുമാറ് അവർ പറഞ്ഞുകൊണ്ടേയിരുന്നു.
മുണ്ടക്കൈയിലെ പൊതുപ്രവർത്തകനായ ഡ്രൈവർ പ്രശോഭ് മുണ്ടക്കൈ ഗവ. സ്കൂളിലെ പിടിഎ ഭാരവാഹിയും ക്ഷേത്രക്കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ജാതി–-മത–-രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ടവൻ. ജ്യോതിമണിയും ഭർത്താവ് കറുപ്പയ്യയും മുണ്ടക്കൈ ടൗണിന് മുകളിലെ വീട്ടിലായിരുന്നു. പ്രശോഭ് മുസ്ലീംപള്ളിക്ക് താഴെയുള്ള പാടിയിൽ ഭാര്യ വിജയലക്ഷ്‌മിക്കും രണ്ട് മക്കൾക്കുമൊപ്പവും. പുഴയോരത്ത് താമസിച്ചിരുന്ന വിജയലക്ഷ്‌മിയുടെ പിതൃസഹോദരി മരുതായിയെയും കുടുംബത്തെയും മഴ കനത്തതോടെ പാടിയിലേക്ക് കൊണ്ടുവന്നു. അഞ്ച് പേരാണ് ഈ കുടുംബത്തിലുള്ളത്. മരുതായിയുടെ മകൻ ജിനു രണ്ടുമാസം മുമ്പാണ് വിവാഹിതനായത്. ആദ്യ ഉരുൾപൊട്ടലിൽ പാടി അപ്രത്യക്ഷമായി. പ്രശോഭിന്റെ ഇളയമകളെ മാത്രമാണ് മേലാസകലം മുറിവുകളുമായി രക്ഷാപ്രവർത്തകർക്ക് കിട്ടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..