കൽപ്പറ്റ
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പത്താംദിനത്തിലും തുടരും. കേരള പൊലീസ്, എൻഡിആർഎഫ്, ആർമി, എൻഡിഎംഎ റെസ്‌ക്യൂ ടീം, ഡെൽറ്റാ സ്‌ക്വാഡ്, സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, കേരളത്തിലെയും തമിഴ്നാട്ടിലെയും ഫയർ റെസ്‌ക്യു ടീമുകൾ, കെ–- 9 ഡോഗ് സ്‌ക്വാഡ്, ഫോറസ്റ്റ് തുടങ്ങിയ സേനാവിഭാഗങ്ങൾ ദൗത്യത്തിൽ സജീവമാണ്. സേനാവിഭാഗങ്ങൾക്കൊപ്പം 80 ടീമുകളിലായി 524 സന്നദ്ധ പ്രവർത്തകരും തിരച്ചിലിനുണ്ട്. ഈ ടീമുകൾക്ക് നേതൃത്വം കൊടുക്കുന്നവർ ഉൾപ്പെടുന്ന സമഗ്ര പരിശോധന വ്യാഴാഴ്‌ചയുമുണ്ടാകും. സൺറൈസ് വാലിയിൽ ഹെലികോപ്‌റ്റർ ഉപയോഗിച്ചുള്ള പരിശോധനയും തുടരും.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല സ്‌കൂൾ പരിസരം, ചൂരൽമല ടൗൺ, വില്ലേജ് പരിസരം, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് നിലവിലുള്ള പരിശോധന. 61 മണ്ണുമാന്തിയന്ത്രങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. രക്ഷാപ്രവർത്തകർക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി 4500 പേർക്കുള്ള പ്രഭാതഭക്ഷണവും 7000 പേർക്കുള്ള ഉച്ചഭക്ഷണവും മേപ്പാടി പോളിടെക്നിക്കിൽ സജ്ജമാക്കിയ സമൂഹ അടുക്കളയിൽനിന്ന് വിതരണംചെയ്തു.
ക്യാമ്പുകളിൽ കഴിയുന്നവർക്കുള്ള പുതിയ റേഷൻകാർഡ് വിതരണം ബുധനാഴ്‌ച തുടങ്ങി. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ രാജൻ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവരുടെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ ചേർന്നു.
ഉന്നതസംഘം വയനാട്ടിലെത്തും ; ദുരന്തബാധിത പ്രദേശങ്ങളുടെ ഭൂഘടന പഠിക്കും
ഉരുൾപൊട്ടലുണ്ടായതും ബാധിച്ചതുമായ മേഖലകളിലെ ഭൂമിയുടെ അവസ്ഥ പഠിക്കാൻ വിദഗ്‌ധരുൾപ്പെട്ട ഉന്നതസംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജിയോളജിസ്‌റ്റ്, ഹൈഡ്രോളജിസ്‌റ്റ്, സോയിൽ കൺസർവേറ്റർ എന്നിവരടങ്ങിയതാകും സമിതി. അവർ ഉടൻ വയനാട്ടിലെത്തും–- മന്ത്രിസഭാ ഉപസമിതി യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ തുടരും.
കേന്ദ്രസംഘം 10ന്
വയനാട്ടിലെ ഉരുൾപൊട്ടലിനെ എൽ മൂന്ന് വിഭാഗത്തിൽപ്പെടുന്ന ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. മേപ്പാടി വില്ലേജിലെ 10, 11, 12 വാർഡുകളെ സർക്കാർ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചത് അതിനാലാണ്. ശനിയാഴ്‌ച രാവിലെ കേന്ദ്രമന്ത്രിമാരുടെ സംഘം വയനാട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾ അവർ മനസ്സിലാക്കുമെന്ന് കരുതുന്നു. കേരളത്തിന് അർഹമായ ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആരും അനാഥരാകില്ല
ദുരന്തത്തിൽപ്പെട്ടവരാരും അനാഥരാകില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നു. ചില തെറ്റായ പ്രചാരണങ്ങളുണ്ട്. വാടകവീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ സ്വയം മാറിയാലോ ക്യാമ്പിൽനിന്ന് പോയാലോ ആനുകൂല്യം ലഭിക്കില്ല, വാടക വീടിന് തുടക്കത്തിൽ രണ്ടോ മൂന്നോ മാസം മാത്രമേ പണം നൽകും എന്നിങ്ങനെയാണ് പ്രചാരണം.ഇതൊക്കെ തെറ്റാണ്. ഉരുൾപൊട്ടലിൽ സ്ഥലവും വീടും നഷ്ടപ്പെട്ട മുഴുവൻ പേരെയും പുനരധിവസിപ്പിക്കും. വാടക സർക്കാർ നൽകും. പുനരധിവാസത്തിന് സമീപ പഞ്ചായത്തുകളിലായിരിക്കും ആദ്യ പരിഗണന.
പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്നു. മന്ത്രിസഭാ ഉപസമിതിയംഗങ്ങളും പങ്കെടുത്തു. തകർച്ചയിലായ കെട്ടിടങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ നിർദേശിച്ചുണ്ട്. താൽകാലിക താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണിത്.
മാനസികാരോഗ്യം
പ്രധാനം
ദുരന്തബാധിത കുടുംബങ്ങളിലുള്ളവരുടെ മാനസികാരോഗ്യം തിരിച്ചുപിടിച്ച് ജീവിതത്തിലേക്കെത്തിക്കാൻ സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്. 136 കൗൺസലർമാർ ക്യാമ്പുകളിൽ ഉണ്ട്. 4177 പേരെ കൗൺസലിങ്ങിന് വിധേയരാക്കി. ക്യാമ്പുകളുടെ പ്രധാന ചുമതലക്കാരുടെ യോഗവും ബുധനാഴ്‌ച ചേർന്നു. ക്യാമ്പുകളുടെ നടത്തിപ്പും അവലോകനം ചെയ്‌തു. ക്യാമ്പുകളിൽ പൊതു ചുമതല മാത്രമല്ല; ഓരോരുത്തരെയും ശ്രദ്ധിക്കാൻ ഉദ്യോഗസ്ഥരുണ്ട്. ക്യാമ്പുകളിൽനിന്ന് പോയാലും അവരെ ശ്രദ്ധിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ കേളു, കലക്ടർ ഡി ആർ മേഘശ്രീ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..